തിരുവനന്തപുരം: കൊറോണ രോഗഭീതിയെ തുടർന്ന് രക്തദാനം ചെയ്യുന്നവരുടെ എണ്ണം കുത്തനെ കുറയുകയും ബ്ളഡ് ബാങ്കുകളിൽ രക്തക്ഷാമം ഉണ്ടാവുകയും ചെയ്തതോടെ ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്, എ. ഐ. വൈ. എഫ് സംഘടനകൾ രക്തദാന പരിപാടികളുമായി മുന്നിട്ടിറങ്ങി. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജിൽ നടന്ന രക്തദാനത്തിൽ ഡി. വൈ. എഫ് .ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം, സംസ്ഥാന കമ്മിറ്റിയംഗം സുരേഷ്ബാബു തുടങ്ങിയവർ പങ്കാളികളായി.
യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ ജനറൽ ആശുപത്രിയിൽ രക്തദാനം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷന്മാരായ കെ.എസ്.ശബരിനാഥൻ എം.എൽ.എ, എൻ.എസ്.നുസൂർ, എസ്.എം.ബാലു തുടങ്ങിയവർ നേതൃത്വം നൽകി.
തിരുവനന്തപുരം, തൃശൂർ, കണ്ണൂർ ജില്ലകളിൽ കഴിഞ്ഞ ദിവസം എ.ഐ.വൈ.എഫ് രക്തദാനം സംഘടിപ്പിച്ചു. കണ്ണൂരിൽ നടന്ന ക്യാമ്പ് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് രക്തം നൽകി ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ 9ന് തലസ്ഥാനത്ത് നടക്കുന്ന ക്യാമ്പിൽ നൂറ് പ്രവർത്തകർ മെഡിക്കൽ കോളേജിലും ആർ. സി. സിയിലുമായി രക്തദാനം നടത്തുമെന്ന് എ. ഐ. വൈ. എഫ് സംസ്ഥാന പ്രസിഡന്റ് ആർ.സജിലാൽ അറിയിച്ചു.