തിരുവനന്തപുരം: കൊറോണാ ഭീതി കാരണം ജനങ്ങൾ യാത്രകൾ പരമാവധി ഒഴിവാക്കിയതോടെ, ബസ്, റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും വിജനമായ അവസ്ഥയാണ്. സാധാരണയുള്ള ശരാശരി യാത്രക്കാരുടെ പകുതി പോലും ഇപ്പോഴില്ല. കെ.എസ്.ആർ.ടി.സിയുടെയും മറ്റും വരുമാനത്തിലും ഇത് സാരമായ തിരിച്ചടി സൃഷ്ടിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തിൽ പ്രതിദിനം 5,646 യാത്രക്കാരാണ് എത്തിയിരുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 2,500 പേർ മാത്രം. കെ.എസ്.ആർ.ടി.സി ബസ്സുകളിൽ പ്രതിദിനം 30 ലക്ഷം യാത്രക്കാരാണുണ്ടായിരുന്നത് ശനിയാഴ്ച 15,81,250 ആയി കുറഞ്ഞു. വരുമാനം 3.41 കോടി. 6.50 മുതൽ ഏഴു കോടി വരെയായിരുന്നു പ്രതിദിനം വരുമാനം. ചൂടുകാലമായിട്ടും എ.സി ബസിൽ സഞ്ചരിക്കാൻ യാത്രക്കാർക്കും . ഡ്യൂട്ടി ചെയ്യാൻ ജീവനക്കാർക്കും വൈമുഖ്യം. എ.സിയിൽ കോറോണ ബാധിക്കാനുള്ള സാദ്ധ്യത കൂടുമെന്ന
ഭീതിയാണ് കാരണം.ശരാശരി 90 ലക്ഷം യാത്രക്കാരുള്ള സ്വകാര്യബസുകളിലും എണ്ണം പകുതിയായി.
തിരുവനന്തപുരം വിമാനത്താവളത്തിൽ പ്രതിദിനം 5,646 യാത്രക്കാരാണ് എത്തിയിരുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 2,500 പേർ മാത്രം. അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ഷാർജ, മസ്കറ്റ്, ദമാം, മാലിദ്വീപ് വിമാന സർവീസുകൾ റദ്ദാക്കി. ശനിയാഴ്ച വരെ മാലിദ്വീപിലേക്ക് വിമാന സർവീസ് ഉണ്ടായിരുന്നു. ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കിയില്ലെങ്കിലും പകുതി യാത്രക്കാർ മാത്രം. എയർലൈൻ കമ്പനികളുടെ വരുമാനത്തിലും പകുതിയോളം കുറവുണ്ട്. എയർ ട്രാവൽ ഏജൻസികളും പ്രതിസന്ധിയിലായി.
റെയിൽവേയിൽ ഒരു മാസം മുമ്പു ബുക്ക് ചെയ്ത എ.സി സീറ്റുകൾ കൂട്ടത്തോടെ റദ്ദാക്കുന്നു. വാരാന്ത്യത്തിൽ തിരക്കേറെയുള്ള കന്യാകുമാരി - ബംഗളൂരു ട്രെയിൻ ശനിയാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ വിട്ടപ്പോൾ പത്തിലൊന്നു സീറ്റിലും ആളില്ല. എ.സി ഉൾപ്പെടെ മിക്കവാറും ബോഗികൾ കാലി. ചിലതിൽ യാത്രക്കാർ പത്തിൽ താഴെ.കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് തമിഴ്നാട് സർക്കാർ ആവശ്യപ്പെട്ടതും ചെന്നൈയിലേക്കും തിരിച്ചുമുള്ള ട്രെയിനുകളിൽ യാത്രക്കാർ കുറയാൻ കാരണമായി. തിരുവനന്തപുരം ഡിവിഷനിൽ പ്രതിദിനം ശരാശരി 1,93,640 യാത്രക്കാരാണുണ്ടായിരുന്നത്. ശനിയാഴ്ച യാത്ര ചെയ്തത് 72,362 പേർ. ശരാശരി വരുമാനത്തിന്റെ 40 ശതമാനമാണ് കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ലഭിക്കുന്നത്.