puthuseri-
തിരുവനന്തപുരം ഇലങ്കം ഗാർഡൻസിൽ മകൾ ഗീത ആർ പുതുശ്ശേരിയുടെ വസതിയായ ഗീതിൽ പൊതുദർശനത്തിനുവെച്ച പുതുശ്ശേരി രാമചന്ദ്രന്റെ ഭൗതിക ശരീരത്തിൽ അന്തിമോപചാരമർപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ,മന്ത്രി കടകംപളളി സുരേന്ദ്രൻ ,ഡോ .കെ.എസ് .രവി കുമാർ എന്നിവർ സമീപം

തിരുവനന്തപുരം: മലയാള കവിതയിലെ വിപ്ലവ ശബ്ദത്തിന് സാംസ്‌കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി. ശനിയാഴ്ച അന്തരിച്ച കവിയും ഭാഷാചാര്യനുമായ പുതുശ്ശേരി രാമചന്ദ്രന് പൂർണ്ണ സംസ്ഥാന ഔദ്യോഗിക ബഹുമതികളോടെ വിട നൽകി.

ഇന്നലെ വൈകിട്ട് മൂന്നിന് തൈക്കാട് ശാന്തികവാടത്തിലായിരുന്നു സംസ്‌കാരം.


ഏഴര പതിറ്റാണ്ടിലേറെ സാഹിത്യ, സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന അദ്ദേഹത്തിന് വികാരനിർഭരമായാണ് തലസ്ഥാനം വിടചൊല്ലിയത്.
വെള്ളയമ്പലം ഇലങ്കം ഗാർഡൻസിലെ വസതിയായ ഗീതിൽ നിന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് വിലാപയാത്രയായി ശാന്തികവാടത്തിലേക്ക് കൊണ്ടുപോയത്. മൂത്ത മകൻ പി.ആർ. ഉണ്ണികൃഷ്ണൻ അന്ത്യകർമ്മങ്ങൾ നിർവഹിച്ചു. കൊറോണ ഭീതിയുള്ളതിനാൽ പൊതുദർശനമുണ്ടായിരുന്നില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി , കെ.രാജു, കടകംപള്ളി സുരേന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ബിനോയ് വിശ്വം എം.പി, അടൂർ ഗോപാലകൃഷ്ണൻ, വി.എം.സുധീരൻ, എം.എം.ഹസ്സൻ, മുൻമന്ത്രി പന്തളം സുധാകരൻ,എം.വി ഗോവിന്ദൻ, കെ.പ്രകാശ്ബാബു, തമ്പാനൂർ രവി, എം.വിജയകുമാർ, എം.എൽ.എമാരായ സി.ദിവാകരൻ, ഐ.ബി. സതീഷ്, ആർ.രാജേഷ്, വി.കെ പ്രശാന്ത്, മേയർ കെ.ശ്രീകുമാർ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, എൻ.ശക്തൻ, പാലോട് രവി, വി.മധുസൂദനൻ നായർ, കെ.ജയകുമാർ, ജോർജ് ഓണക്കൂർ തുടങ്ങി രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ നിരവധിപേർ വസതിയിലും ശാന്തികവാടത്തിലുമായി അന്ത്യാഞ്ജലിയർപ്പിച്ചു.
വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന പുതുശ്ശേരി ശനിയാഴ്ച വൈകിട്ട് 4.50 ന് വെള്ളയമ്പലത്തെ മകളുടെ വസതിയിലാണ് അന്തരിച്ചത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് ഈ മാസം എട്ടിനാണ് വീട്ടീൽ തിരിച്ചെത്തിയത്. അനുശോചന യോഗം ഇന്ന് വൈകിട്ട് 5ന് തിരുവനന്തപുരം ജോയിന്റ് കൗൺസിൽ ഹാളിൽ ചേരും.