തിരുവനന്തപുരം: തന്റെ ആകെയുള്ള സമ്പാദ്യമെല്ലാം കരളിനുവേണ്ടി ചെലവഴിച്ച് തുടർ ചികിത്സക്കായി വഴിമുട്ടി നിൽക്കുകയാണ് ആര്യനാട് മഠത്തുനട സ്വദേശി സുരേഷ്ബാബു. എട്ട് വർഷമായി കരൾ രോഗത്താൽ ബുദ്ധിമുട്ടുകയാണ് ഇയാൾ. സ്വന്തമായുള്ളതെല്ലാം ചെലവഴിച്ചും കടംവാങ്ങിയും ചികിത്സിച്ചു. കരൾ മാറ്റിവയ്ക്കൽ അല്ലാതെ മറ്രൊരു മാർഗവും മുന്നിലില്ലെന്ന് ഡോക്ടർമാർ പറയുമ്പോഴും ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹത്താൽ സുമനസുകളുടെ സഹായം തേടുകയാണ് ഈ അമ്പത് വയസുകാരൻ.
നെയ്യാറ്റിൻകര നിംസ്, കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രികളിൽ ചികിത്സയിലായിരുന്ന സുരേഷ്ബാബു ഇപ്പോൾ പോണ്ടിച്ചേരി ജിപ്മെറിൽ ഐ.സി.യുവിൽ ചികിത്സയിലാണ്. രണ്ടു വർഷമായി ഇവിടെ ചികിത്സയിലുള്ള ഇദ്ദേഹം കരൾ മാറ്റിവയ്ക്കൽ ശാസ്ത്രക്രിയയ്ക്കായി കഴിഞ്ഞ ബുധനാഴ്ചയാണ് ആശുപത്രിയിലെത്തിയത്. ഇതിനിടെ അസുഖം മൂർച്ഛിച്ച് ഐ.സി.യുവിലേക്ക് മാറ്റി. ഏകദേശം 26 ലക്ഷം രൂപയാണ് ശസ്ത്രക്രിയയ്ക്കുള്ള ചെലവ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന കുടുംബത്തിന് സ്വന്തമായി വീടോ സ്ഥലമോ ഇല്ല. സഹോദരന്റെ വീട്ടിലാണ് സുരേഷും ഭാര്യയും ആറ്, മൂന്ന് ക്ലാസുകളിൽ പഠിക്കുന്ന രണ്ട് മക്കളും കഴിയുന്നത്. സുരേഷിനെ നോക്കാൻ വേറെ ആളില്ലാത്തതിനാൽ ഭാര്യ നിഷയ്ക്കും ജോലിക്ക് പോകാൻ കഴിയുന്നില്ല. കരൾ രോഗത്തിന് പുറമേ പ്രമേഹവും അമിതവണ്ണവും കൂടിയായപ്പോൾ പരസഹായം കൂടാതെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. കാരുണ്യമനസ്കരുടെ കൈത്തങ്ങുണ്ടെങ്കിൽ മാത്രമേ ഈ കുടുംബത്തിന് പഴയ ജീവിതത്തിലേക്ക് തിരികെയെത്താനാകൂ. സുരേഷ് ബാബുവിന്റെ പേരിൽ സിൻഡിക്കേറ്റ് ബാങ്കിന്റെ ആര്യനാട് ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 40392610004350. ഐ.എഫ്.എസ്.സി കോഡ്: SYNB 000403. ഫോൺ നമ്പർ: 9446352538.