വിതുര: ചൂടിന്റെ കാഠിന്യം വർദ്ധിക്കുന്നതിനൊപ്പം മലയോരമേഖലയിലെ ജനങ്ങളെ ദുരിതത്തിലാക്കി അപ്രഖ്യാപിത പവർകട്ട്. ഇതിന് ഒപ്പം ജലക്ഷാമവും കൂടിയായതോടെ ജനം ആകെ നരകിക്കുകയാണ്. ഒരാഴ്ചയായി യാതൊരുവിധ മുന്നറിയിപ്പും കൂടാതെ രാവും പകലും ഇടവിട്ട് വൈദ്യുതി മുടങ്ങുകയാണ്. നിലവിൽ വേനൽ കടുത്തതിനാൽ വൈദ്യുതി ഉപഭോഗം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് വകുപ്പ് മേധാവികൾ അടിക്കടി പ്രഖ്യാപനം നടത്തുമ്പോഴും വിതുര, തൊളിക്കോട് മേഖലകളിലെ സ്ഥിതി മറിച്ചാണ്. പകലും രാത്രിയിലുമായി മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസപ്പെട്ടിട്ടും നടപടികളില്ലെന്ന് വ്യാപക പരാതിയുണ്ട്. കഴിഞ്ഞ മാസവും ഇതേ അവസ്ഥയുണ്ടായിരുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. അടിക്കടിയുള്ള വൈദ്യുതി തടസം കുടിവെള്ള വിതരണത്തേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഉപകരണങ്ങൾ കേടാകുന്നു
വൈദ്യുതി വിതരണത്തിലെ വോൾട്ടേജിൽ വരുന്ന ഏറ്റക്കുറച്ചിലും അടിക്കടിയുള്ള വൈദ്യുതി മുടക്കവും കാരണം വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും ഇലക്ട്രിക് ഉപകരണങ്ങളും വ്യാപകമായി കേടാകുന്നതായും പരാതിയുണ്ട്. ഫ്രിഡ്ജ്, ടി.വി, ലാപ്ടോപ്പ്, കമ്പ്യൂട്ടറുകൾ, ഫാൻ തുടങ്ങിയ ഉപകരണങ്ങളാണ് നശിക്കുന്നത്.
കച്ചവടക്കാർ പ്രതിസന്ധിയിൽ
വൈദ്യുതിതടസം പതിവായതോടെ വ്യാപാരിസമൂഹവും പ്രതിസന്ധിയിലായി. ഫ്രിഡ്ജിലും, ഫ്രീസറിലും മറ്റും സൂക്ഷിച്ചിരിക്കുന്ന പാലും, ഭക്ഷ്യവസ്തുക്കളും കേടാകുന്നതായാണ് പരാതി. വൈദ്യുതിവിതരണം സുഗമമാക്കാൻ ഇലക്ട്രിക്സിറ്റിവകുപ്പും, ജലവകുപ്പും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായിസമിതി വിതുര യൂണിറ്റ് ആവശ്യപ്പെട്ടു.
കുടിവെള്ളക്ഷാമം രൂക്ഷം,
പക്ഷേ റോഡ് നിറയെ വെള്ളം
കുടിവെള്ളത്തിനായി ജനം പരക്കം പായുമ്പോൾ പൈപ്പുലൈനുകൾ വ്യാപകമായി പൊട്ടി റോഡുകൾ തോടായി ഒഴുകുന്നത് മേഖലയിലെ പതിവ് കാഴ്ചയാണ്. കേടാകുന്ന പൈപ്പ് ലൈനുകൾ യഥാസമയം നന്നാക്കാത്തതുമൂലം ആ മേഖലകളിൽ ശുദ്ധജലം ലഭിക്കാറില്ല. ഭൂരിഭാഗം കിണറുകളും വറ്റികഴിഞ്ഞതിനാൽ വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുകയാണ്. പൈപ്പ് ലൈനുകളിൽ വെള്ളം എത്താത്തതുമൂലം ജനം ദുരിതത്തിലാണ്. തൊളിക്കോട്, വിതുര പഞ്ചായത്തുകളിൽ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതികൾ ഇനിയും പൂർത്തീകരിച്ചിട്ടില്ല. കുടിവെള്ളത്തിനായി സമരം നടത്താനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.