വെഞ്ഞാറമൂട് : കൊറോണയുടെ പശ്ചാത്തലത്തിൽ സർക്കാരിന്റെ നിയന്ത്രണങ്ങൾ മറികടന്ന് നടത്തിയ വാമനപുരം സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തെ തുടർന്ന് നിറുത്തിവച്ചു. തിരഞ്ഞെടുപ്പ് ദൃശ്യങ്ങൾ പകർത്താനെത്തിയ വാർത്താസംഘത്തിന് നേരെ ആക്രമണവുമുണ്ടായി. ആളുകൾ കൂടുന്ന വിശേഷാവസരങ്ങളും ആഘോഷങ്ങളും എല്ലാം ഒഴിവാക്കി പൊതുജനങ്ങൾ മാതൃകയാകുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പു നടത്തിയത്. വാമനപുരം ഗവ. യു.പി സ്കൂളിൽ രാവിലെ 8മുതൽ വൈകിട്ട് 4 വരെയായിരുന്നു തിരഞ്ഞെടുപ്പ് നടത്താനിരുന്നത്. നിയമാനുസൃതമല്ലാതെ നടത്തുന്ന തിരഞ്ഞെടുപ്പ് ബി.ജെ.പി ബഹിഷ്കരിച്ചു. 6600 അംഗങ്ങളുള്ള തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ വനിതകൾ അടക്കം നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. രണ്ടായിരത്തോളം പേരാണ് തിക്കി തിരക്കിവോട്ട് ചെയ്യാനായി പോളിംഗ് ബൂത്തിൽ എത്തിയിരുന്നത്. പ്രായമായവരെ ചുമന്നു കൊണ്ടു വരുന്ന കാഴ്ചയും കാണാമായിരുന്നു. ഈ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് ജനം ടിവി കാമറമാൻ വിഷ്ണു ശർമ്മയെ മർദ്ദിച്ചത്. പത്തോളം വരുന്ന സി.പി.എം പ്രവർത്തകരാണ് യാതൊരു പ്രകോപനവും കൂടാതെ ദേഹോപദ്രവം ഏല്പിക്കുകയും കാമറ തല്ലിപ്പൊട്ടിക്കുകയും ചെയ്തതെന്ന് പരിക്കേറ്റ കാമറമാൻ പറഞ്ഞു. സംഘർഷത്തെ തുടർന്ന് ജില്ല ഭരണകൂടം ഇടപെടുകയും 12ഓടെ കളക്ടർ തിരഞ്ഞെടുപ്പ് നിറുത്തിവയ്ക്കുകയുമായിരുന്നു.