തിരുവനന്തപുരം: കൊറോണ മരണം വിതച്ച സ്പെയിനിൽ നിന്നെത്തിയ തിരുവനന്തപുരത്തെ ഡോക്‌ടർക്കും ബ്രിട്ടനിൽ നിന്ന് മൂന്നാറിൽ എത്തിയ ടൂറിസ്റ്റിനും വൈറസ് ബാധ സ്ഥിരീകരിച്ചതായി മന്ത്രി കെ.കെ.ശൈലജ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മെഡിക്കൽ കോളേജ് കാമ്പസിലെ അന്താരാഷ്‌ട്ര പ്രശസ്തമായ ഗവേഷണ- ചികിത്സാ സ്ഥാപനത്തിലെ സീനിയർ ഡോക്ടർക്ക് സ്‌പെയിനിലെ ക്യാമ്പിനിടെയാണ് കൊറോണ വൈറസ് ബാധിച്ചത്. നാട്ടിലെത്തിയ ഇദ്ദേഹം ആശുപത്രിയിലെത്തി രോഗികളെ പരിശോധിച്ചിരുന്നതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം. ഊർജ്ജിതമാക്കിയ ആരോഗ്യവകുപ്പ്, ഈ ദിവസങ്ങളിൽ ഡോക്ടറുടെയടുത്ത് ചികിത്സ തേടിയവരെയും കൂടെയുണ്ടായിരുന്നവരെയും കണ്ടെത്താൻ രാത്രി തന്നെ ശ്രമം തുടങ്ങി.
മാർച്ച് രണ്ടിന് തലസ്ഥാനത്ത് എത്തിയ ഡോക്ടർക്ക് നേരിയ പനിയും അനുബന്ധ ലക്ഷണങ്ങളും കണ്ടതിനെ തുടർന്ന് ആരോഗ്യപ്രവർത്തകർ വിമാനത്താവളത്തിൽ വച്ചുതന്നെ അദ്ദേഹത്തോട് വീട്ടിൽ നിരീക്ഷണത്തിൽ തുടരാൻ (ഹൗസ് ക്വാറന്റൈൻ) നിർദ്ദേശിച്ചിരുന്നു. എന്നാൽ ഏഴാം തീയതി മുതൽ ഇദ്ദേഹം ആശുപത്രിയിൽ ഡ്യൂട്ടിക്ക് എത്തുകയായിരുന്നുവത്രെ. പതിനൊന്നാം തീയതി നില മോശമായപ്പോഴാണ് വിശദ പരിശോധനയ്‌ക്ക് വിധേയനായതെന്നാണ് അറിയുന്നത്.
ഒരു മാതൃകാ ഡോക്‌ടർ പാലിക്കേണ്ട ഉന്നതമൂല്യങ്ങളും രോഗികളോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്വവും കാറ്റിൽ പറത്തി ഈ ദിവസങ്ങളിലെല്ലാം ഇദ്ദേഹം ആശുപത്രിയിൽ രോഗികളെ പരിശോധിച്ചു എന്നാണ് വിചിത്രം. ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് ഡോക്ടർ ചികിത്സ തേടിയത്. ഡോക്ടർ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
മൂന്നാറിലെത്തിയ ബ്രിട്ടീഷ് പൗരൻ കൊറോണ നിരീക്ഷണത്തിലായിരുന്ന
ഹോട്ടലിൽ നിന്ന് മുങ്ങി ഇന്നലെ രാവിലെ നെടുമ്പാശേരിയിൽ എത്തി വിദേശത്തേക്ക് കടക്കാൻ വിമാനത്തിൽ കയറുകയായിരുന്നു.ഇയാൾക്കൊപ്പം ഭാര്യ ഉൾപ്പെടെ 18 അംഗ സംഘവും ഉണ്ടായിരുന്നു. പുറപ്പെടാറായ വിമാനത്തിൽ നിന്ന് അധികൃതർ എല്ലാവരെയും പുറത്തിറക്കി. ഇയാളും ഭാര്യയും കളമശേരി മെഡിക്കൽ കോളേജിൽ ഐസൊലേഷനിലാണ്. മറ്റുള്ളവരെ ഒരു ഹോട്ടലിൽ നിരീക്ഷണത്തിലാക്കി.
ഇതോടെ സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 24ആയി. ഇതിൽ സുഖം പ്രാപിച്ച മൂന്നു പേരൊഴികെ 21പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്.
വിദേശികളുടെ വരവ് കുറയും
വിസ ലഭിക്കാൻ തടസമുള്ളതിനാൽ വിദേശികളുടെ വരവ് കുറയുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു. ഇപ്പോൾ 5150 വിദേശികൾ സംസ്ഥാനത്ത് ഉണ്ട്. വിദേശത്തു നിന്നെത്തുന്ന മലയാളികൾക്ക് സഹായം നൽകും.
നീരീക്ഷണത്തിന് അയയ്‌ക്കുന്നവർ വീടുകളിൽ കഴിയണം. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ ലംഘിക്കരുത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ജനമൈത്രി പൊലീസ്, സന്നദ്ധ പ്രവർത്തകർ എന്നിവരടങ്ങുന്ന സംഘം ഇവരുടെ വീടുകളിലെത്തും. വീട്ടുകാരുടെ പ്രശ്‌നങ്ങൾ മനസിലാക്കി സഹായിക്കാനാണിത്. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തവും ഉറപ്പാക്കും.
ട്രെയിനുകളിൽ പരിശോധനയില്ല
അതിർത്തി കടന്ന് വരുന്ന ട്രെയിനുകൾ ആദ്യ സ്റ്റേഷനിൽ നിറുത്തിയിട്ട് പരിശോധിക്കാനുള്ള സർക്കാർ തീരുമാനം റെയിൽവേ തള്ളി. ട്രെയിൻ നിറുത്തിയിട്ടാൽ സമയം തെറ്റുമെന്ന് റെയിൽവേ അറിയിച്ചു. ഇതോടെ ഓരോ സ്റ്റേഷന്റെയും പുറത്തേയ്ക്കുള്ള വാതിലിന് സമീപം പരിശോധന നടത്തുമെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ട്രെയിൻ നിറുത്തിയിട്ട് മൂന്നംഗ സംഘം രണ്ട് ബോഗിവീതം പരിശോധിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരുന്നത്.
നിരീക്ഷണത്തിൽ 10,944 പേർ
10,655 പേർ വീടുകളിൽ
289 പേർ ആശുപത്രികളിൽ.
2147സാമ്പിളുകൾ പരിശോധിക്കാൻ അയച്ചു
1514 സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്.