പാറശാല: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി അതിർത്തിയിലെ ചെക്പോസ്റ്റുകൾ കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പ് അധികൃതരും പൊലീസും വാഹന പരിശോധന ശക്തമാക്കി. വിദേശികളും അന്യസംസ്ഥാനക്കാരും ഉൾപ്പെടെ കേരളത്തിലേക്ക് എത്തുന്നവരെ കണ്ടെത്തുന്നതോടൊപ്പം തന്നെ മുൻകരുതലുകളുടെ ഭാഗമായുള്ള പരിശോധനകളും ബോധവത്കരണവുമാണ് ഇവിടെ നടക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നുമെത്തുന്ന വാഹനങ്ങളിലെ യാത്രക്കാർക്ക് പനിയുണ്ടോയെന്ന് സെൻസർ ഉപയോഗിച്ച് പരിശോധിച്ച ശേഷം യാത്രാ വിവരങ്ങൾ ശേഖരിക്കും. പനിയോ മറ്റ് ലക്ഷണങ്ങളോ കണ്ടെത്തിയാൽ അവരെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക കേന്ദ്രത്തിലെത്തിക്കും. അമരവിള, ആറ്റുപുറം ചെക്പോസ്റ്റുകളിൽ ആരംഭിച്ച പരിശോധന ഇന്ന് മുതൽ പാറശാല, ധനുവച്ചപുരം റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പെടെ അതിർത്തി മേഖലകളിലെ പത്ത് കേന്ദ്രങ്ങളിൽ തുടരും. 24 മണിക്കൂറും തുടരുന്ന പരിശോധനകൾക്കായി 8 മണിക്കൂർ വീതം പ്രവർത്തിക്കുന്ന മൂന്ന് ടീമുകളെ നിയോഗിച്ചിട്ടുണ്ട്. റൂറൽ എസ്.പി.അശോകന്റെയും ജില്ലാ മെഡിക്കൽ ആഫീസറുടെയും നേതൃത്വത്തിലുമാണ് പരിശോധന.