corona-mask

തിരുവനന്തപുരം: കോറോണാ പ്രതിരോധം ശക്തമാക്കിക്കൊണ്ട് സർക്കാർ പരിശോധനകൾ ഇന്നലെ മുതൽ കർശനമാക്കി.

വിമാനത്താവളങ്ങളിൽ എസ്.പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകരും വോളന്റിയർമാരും അടങ്ങുന്ന വിവിധ ടീമുകളായി യാത്രക്കാരെ പരിശോധിച്ചു തുടങ്ങി. നേരത്തെ ഒരു ടീം മാത്രമാണ് പരിശോധനയ്ക്കുണ്ടായിരുന്നത്. യാത്രക്കാരുടെ തിരക്ക് കാരണം പരിശോധിക്കുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാന ഏ‌ർപ്പെടുത്തിയത്.

ട്രെയിനുകളിലും ബസുകളിലും പരിശോധന കർശനമാക്കി. പൊലീസ്, ആരോഗ്യ,സന്നദ്ധപ്രവർത്തകർ അടങ്ങുന്ന മൂന്നംഗ സംഘമാണ് പരിശോധിക്കുന്നത്. റോഡ് മാർഗമുള്ള വാഹന യാത്രക്കാരെ പരിശോധിക്കുന്നതിനായി കാസർകോട് മുതൽ തിരുവനന്തപുരം വരെ 24 കേന്ദ്രങ്ങളിൽ ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ആരോഗ്യ,സന്നദ്ധപ്രവർത്തകർ പ്രവർത്തിച്ചു തുടങ്ങി.

റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ ആരോഗ്യ പ്രവർത്തകരെ സേവനത്തിനായി നിയോഗിച്ചിട്ടുണ്ട്. ട്രെയിനുകളുടെ ഉൾവശം അണുവിമുക്തമാക്കാനും തുടങ്ങി. കെ.എസ്.ആർ.ടി.സി ബസുകളും അണുവിമുക്തമാക്കുന്നുണ്ട്. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.