കോവളം: അടിമലത്തുറ കടൽ തിരയിൽപ്പെട്ട് കാണാതായ മൂന്നാമത്തെ വിദ്യാർത്ഥിനിയുടെ മൃതദേഹവും കിട്ടി. കോട്ടുകാൽ പുന്നക്കുളം എസ്.എം വീട്ടിൽ കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ഷമ്മിയുടെ മകൾ ഷാരുവിന്റെ(17) മൃതദേഹമാണ് ഇന്നലെ വൈകിട്ട് 4 ന് സൗത്ത് തുമ്പയ്ക്കുസമീപം കടലിൽ മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുളള മൃതദേഹം പിതാവ് ഷമ്മിയെത്തി തിരിച്ചറിഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സമീപവാസിയും കളിയിക്കവിള മലങ്കര കത്തോലിക്കാ കോളേജിലെ രണ്ടാവർഷ ബി.ബി.എ വിദ്യാർത്ഥികളുമായ ശരണ്യയും കിടാരക്കുഴി സ്വദേശി നിഷയും ഷാരുവും വൈകിട്ട് അടിമലത്തുറ കടലിൽ അപകടത്തിൽപ്പെട്ടത്. നിഷയുടെ മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് 7 ഓടെ തീരത്ത് അടിയുകയും ശരണ്യയുടെത് ശനിയാഴ്ച 3 ന് കടലിൽ കണ്ടെത്തുകയുമായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതിനെ തുടർന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തിരുന്നു. ഷാരുവിന്റെ മൃതദേഹത്തിനായി കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ് എന്നിവരുടെ നേതൃത്വത്തിൽ കടലിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് അടിമലത്തുറ നിന്ന് 25 കിലോമീറ്ററോളം അകലെ കണ്ടെത്തിയത്. കോട്ടുകാൽ ഗവ. വി.എച്ച്.എസ്.എസി പ്ലസ് ടു വിദ്യാർത്ഥിനിയാണ് ഷാരു. മായയാണ് മാതാവ്. ഏക സഹോദരൻ വിഷ്ണു പ്ലസ് വൺ വിദ്യാർത്ഥിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.