ഐ ലീഗിന് പിന്നാലെ ഐ.എസ്.എൽ. ഫുട്ബാൾ കിരീടവും കൊൽക്കത്തയിലേക്ക്
കൊൽക്കത്തയിലെ ഏറ്റവും പഴമയും പ്രൗഡിയുമുള്ള ക്ളബുകളിലൊന്നായ മോഹൻബഗാൻ
ഒരാഴ്ച മുമ്പാണ് ഐ ലീഗ് ഫുട്ബാൾ കിരീടം സ്വന്തമാക്കിയത്. ഇപ്പോഴിതാ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടവും കൊൽക്കത്തയ്ക്ക് വണ്ടികയറിയിരിക്കുന്നു.
ലീഗിൽ രണ്ട് മത്സരങ്ങൾകൂടി ബാക്കിയിരിക്കേ 16 കളികളിൽനിന്ന് 39 പോയിന്റുകൾ സ്വന്തമാക്കി ബഗാൻ മറ്റൊരു കൊൽക്കത്തൻ ക്ളബ് ഇൗസ്റ്റ് ബംഗാളിനെ പിന്നിലാക്കിയാണ് ഐ ലീഗ് നെറ്റിപ്പട്ടം ചാർത്തിയത്. കഴിഞ്ഞ രാത്രി ഗോവയിൽ നടന്ന ഫൈനലിൽ ചെന്നൈയിൻ എഫ്.സിയുടെ സ്വപ്നങ്ങളെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തച്ചുടച്ചുകൊണ്ടാണ് എ.ടി.കെ. ഐ.എസ്.എൽ. ചരിത്രത്തിലെ തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കിയത്. ഇന്ത്യൻ ഫുട്ബാളിന്റെ കളിത്തൊട്ടിലായി അറിയപ്പെട്ടിരുന്ന കൊൽക്കത്ത പഴയ പ്രൗഡിയിലേക്ക് തിരികെയെത്തി എന്ന് വിളംബരം ചെയ്യുന്ന രണ്ട് കിരീട വിജയങ്ങളാണിവ.
ഇൗ വിജയങ്ങൾ നൽകുന്ന മറ്റൊരു കൗതുകം അടുത്ത സീസണിൽ ഇൗ രണ്ട് ക്ളബുകളും ചേർന്ന് ഒറ്റ ക്ളബായി മാറാനൊരുങ്ങുന്നു എന്നതാണ് . ഇന്ത്യൻ ഫുട്ബാളിലെ ഒന്നാമൻമാർ തമ്മിലൊന്നാകുമ്പോൾ ലോക നിലവാരത്തിലുള്ള ക്ളബിനെ പ്രതീക്ഷിക്കാനാകുമോ? കാത്തിരിക്കാം ... കാണാം.
ചാമ്പ്യൻസ്
വർഷം, ചാമ്പ്യൻ, റണ്ണർ അപ്പ്
2014 അത്‌ലറ്റിക്കോ -ബ്ളാസ്റ്റേഴ്സ്
2015 ചെന്നൈയിൻ- ഗോവ
2016 അത്‌ലറ്റിക്കോ - ബ്ളാസ്റ്റേഴ്സ്
2017/18 ചെന്നൈയിൻ -ബംഗളുരു
2018/19 ബംഗളുരു -ഗോവ
2019/20 എ.ടി.കെ. ചെന്നൈയിൻ
ഐ.എസ്. എല്ലിൽ ഫൈനലിൽ എത്തിയപ്പോഴൊക്കെ കിരീടം നേടിയ ഏക ടീമാണ് എ.ടി.കെ.
അത്‌ലറ്റികോ ഡി കൊൽക്കത്ത എന്ന പേരിലായിരുന്നു ഐ.എസ്.എൽ അരങ്ങേറ്റം
ആദ്യ രണ്ട് കിരീടങ്ങളും അത്‌ലറ്റിക്കോ ഡി കൊൽക്കത്തയായി
എ.ടി.കെയെന്ന് പേര് മാറ്റിയ ശേഷമുള്ള ആദ്യ കിരീടമാണിത്.
കേരള ബ്ളാസ്റ്റേഴ്സിനെയല്ലാതെ ഫൈനലിൽ മറ്റൊരു ടീമിനെ എ.ടി.കെ തോൽപ്പിക്കുന്നത് ഇതാദ്യമാണ്.
ആറ് സീസണുകളിൽ നിന്നാണ് എ.ടി.കെയുടെ അലമാരയിൽ മൂന്ന് ഐ.എസ്.എൽ കിരീടങ്ങൾ എത്തിയിരിക്കുന്നത്.
എ.ടി.കെ
മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ സൗരവ് ഗാംഗുലി വ്യവസായ പ്രമുഖനായ സഞ്ജീവ് ഗോയങ്ക, ഹർഷവർദ്ധൻ നിയോതിയ എന്നിവർ ചേർന്നാണ് 2014 ൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്ത സ്ഥാപിച്ചത്. ആദ്യ മൂന്ന് സീസണുകളിൽ സ്പാനിഷ് ലാലിഗ ക്ളബ് അത്‌ലറ്റിക്കോ ഡി മാഡ്രിഡ് സഹ ഉടമകളായിരുന്നു. 2017 സ്പാനിഷ് ക്ളബ് ഉടമസ്ഥാവകാശം വിട്ടപ്പോൾ എ.ടി.കെ (അമർ തൊമാർ കൊൽക്കത്ത) എന്ന് പേരുമാറ്റി.
കോച്ച്
അന്റോണിയോ ഹബാസ്
ആദ്യ സീസണിൽ പരിശീലകനായിരുന്ന അന്റോണിയോ ഹബാസാണ് കിരീട ജേതാക്കളാക്കിയത്. 2016 ൽ കൊൽക്കത്ത വിട്ട് പൂനെ സിറ്റിയിലേക്ക് പോയ ഹബസ് 2019 ലാണ് വീണ്ടും കൊൽക്കത്തയിൽ തിരികെയെത്തിയത്.
മലയാളിത്തിളക്കം
രണ്ട് മലയാളിതാരങ്ങളാണ് എ.ടി.കെ നിരയിലുള്ളത്. ഡിഫൻഡർ അനസ് എടത്തൊടിയുകയും ഫോർവേഡ് ജോബി ജസ്റ്റിനും കന്യാകുമാരി ജില്ലക്കാരനായ മൈക്കേൽ സൂസൈരാജും ടീമിലുണ്ട്.
ക്യാപ്ടൻ
ഫിജി ദേശീയ ടീമംഗവും ഇന്ത്യൻ വംശജനുമായ റോയ് കൃഷ്ണയാണ് എ.ടി.കെ. ക്യാപ്ടൻ ഇന്ത്യൻ താരം പ്രീതം കോട്ടാലാണ് വൈസ് ക്യാപ്ടൻ.
ഇൗ സീസണിൽ ലീഗ് റൗണ്ടിലെ 18 മത്സരങ്ങളിൽ 10 വിജയവും നാല് വീതം തോൽവികളും സമനിലകളുമായി 34 പോയിന്റ് നേടിയ എ.ടി.കെ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
12 ജയവും മൂന്ന് വീതം തോൽവിയും സമനിലകളുമായി 39 പോയിന്റ് നേടിയ എഫ്.സി ഗോവയായിരുന്നു പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാർ.
സെമിയിൽ ആദ്യപാദത്തിൽ ബംഗളുരുവിനോട് 0-1ന് തോറ്റ ശേഷമാണ് രണ്ടാംപാദത്തിൽ 3-1 ന്റെ ഹോം മാച്ച് വിജയം നേടി എ.ടി.കെ. ഫൈനലിൽ കയറിയത്.
ഇൗ സീസണിലെ ആദ്യമത്സരത്തിൽ കേരള ബ്ളാസ്റ്റേഴ്സിനോട് 1-2ന് തോറ്റാണ് എ.ടി.കെ. തുടങ്ങിയത്. എന്നാൽ കൊൽക്കത്തൻ ക്ളബ് കിരീട വിജയത്തിലെത്തിയപ്പോൾ ബ്ളാസ്റ്റേഴ്സ് ഏഴാമതേക്ക് താഴ്ന്നുപോയി.
18 മത്സരങ്ങളിൽ 4 വിജയങ്ങൾ മാത്രം നേടാനായ ബ്ളാസ്റ്റേഴ്സ് ഏഴ് വീതം കളികൾ സമനിലയിലും തോൽവിയിലും അവസാനിപ്പിച്ച് സ്വന്തമാക്കിയത് 19 പോയിന്റുകൾ മാത്രം.
ഏഴ് സീസണുകൾ കൊണ്ട് ഐ.എസ്.എൽ ഒരുപാട് മാറിയിട്ടുണ്ട്. കൂടുതൽ പ്രൊഫഷണലിസം വന്നു. മികച്ച പരിശീലകരും കളിക്കാരുമെത്തി. കൂടുതൽ ടീമുകളായി . അതുകൊണ്ടു തന്നെ ആദ്യ സീസണിലെ കിരീടത്തിനേക്കാൾ തിളക്കമുണ്ട് ഇത്തവണത്തേതിന്.
അന്റോണിയോ ഹബാസ്
എ.ടി.കെ. കോച്ച്
8 കോടി രൂപയാണ് ഐ.എസ്.എൽ ജേതാക്കളായ എ.ടി.കെയ്ക്ക് ലഭിച്ചത്.
4 കോടി റണ്ണേഴ്സ് അപ്പായ ചെന്നൈയിന് ലഭിച്ചു
1.5 കോടി വീതം സെമിഫൈനലിസ്റ്റുകളായ ബംഗളുരുവിനും ഗോവയ്ക്കും ലഭിച്ചു.
ഗോൾഡൻ ബൂട്ട്
നെരിജുസ് വൽസ്കീസ്
ചെന്നൈയിൻ എഫ്സ്
15 ഗോളുകൾ
ബ്ളാസ്റ്റേഴ്സിന്റെ ബാർത്തലോമിയോ ഒഗുബച്ചേയും എ.ടി.കെയുടെ റോയ് കൃഷ്ണയും 15 ഗോളുകൾ വീതം നേടിയിരുന്നു. എന്നാൽ ആറ് അസിസ്റ്റന്റുമാർ കൂടി പരിഗണിച്ച് ചെന്നൈയിൻ എഫ്.സിയുടെ നെരിജുസ് വാൽക്കീസിന് ഗോൾഡൻ ബൂട്ട് പുരസ്കാരം സമ്മാനിക്കുകയായിരുന്നു. ലിത്വാനിയൻ താരമായ വാൽക്കിസ് ഇസ്രയേലി ക്ളബ് ഹാപ്പോയിൽ ടെൽ അവീവിൽ നിന്ന് ഇൗ സീസണിലാണ് ചെന്നൈയിനിലെത്തിയത്. 20 മത്സരങ്ങൾ ചെന്നൈയിന് വേണ്ടി കളിച്ചു.
എമർജിംഗ് പ്ളേയർ
സുമിത് രതി
എ.ടി.കെ
19 വയസുകാരനായ സുമിത് രതി ഇൗ സീസണിലാണ് എ.ടി.കെയുടെ ബി ടീമിൽ നിന്ന് സീനിയർ ടീമിലേക്ക് എത്തിയത്. കരുത്തുറ്റ ഡിഫൻഡറാണെന്ന് ആദ്യസീസണിൽ തന്നെ തെളിയിച്ചു.
ഹീറോ ഒഫ് ദ ലീഗ്
ഹ്യൂഗോ ബോമസ്
എഫ്.സി ഗോവ
പ്രാഥമിക റൗണ്ടിൽ ഗോവയെ ഒന്നാമതെത്തിച്ചത് ഇൗ ഫ്രഞ്ചുകാരന്റെ മികവായിരുന്നു. 15 മത്സരങ്ങളിൽനിന്ന് നേടിയത് 11 ഗോളുകൾ. വഴിയൊരുക്കിയത് 10 എണ്ണത്തിന്.
ഗോൾഡൻ ഗ്ളൗ
ഗുർപ്രീത് സിംഗ് സന്ധു
ബംഗളുരു
49 സേവുകളാണ് ഇൗ ഇന്ത്യൻ ഗോൾകീപ്പർ 19 മത്സരങ്ങളിൽ നടത്തിയത്. 11 മത്സരങ്ങളിൽ ഗോൾ വഴങ്ങിയില്ല.
294
ഗോളുകളാണ് ഇൗ സീസണിൽ എല്ലാടീമുകളും ചേർന്ന് അടിച്ചുകൂട്ടിയത്.
51
ഗോളുകൾ നേടിയ എഫ്.സി ഗോവയാണ് ടോപ് സ്കോറർ
39
ഗോളുകളാണ് ചാമ്പ്യൻമാരായ എ.ടി.കെ നേടിയത്.
29
ഗോളുകൾ ബ്ളാസ്റ്റേഴ്സ് നേടി