tokyo-olympics-corona
olympics

ലൊസാന്നെ : ടോക്കിയോയിൽ ഇൗവർഷം ജൂലായിൽ തന്നെ ഒളിമ്പിക്സ് നടത്തുമെന്ന് കഴിഞ്ഞദിവസവും പ്രഖ്യാപിച്ചിരുന്ന ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി അതിനെപ്പറ്റി അംഗരാജ്യങ്ങളുമായി ചർച്ചയ്ക്ക് ഒരുങ്ങുന്നു. വീഡിയോ കോൺഫറൻസിലൂടെ അടിയന്തരമായി ചർച്ച നടത്താനാണ് തീരുമാനം.

കൊറോണ ലോക രാജ്യങ്ങൾക്കിടയിൽ വ്യാപകമായതോടെ നിശ്ചയിച്ച സമയത്ത് തന്നെ ഒളിമ്പിക്സ് നടത്താനാകുമോ എന്ന സംശയം ഉയരുകയാണ്. അതിഥേയരായ ജപ്പാൻ തന്നെയാണ് ഇൗ സംശയം ആദ്യമുയർത്തിയത്. ഫെബ്രുവരി ആദ്യവാരം ടോക്കിയോ ഗെയിംസ് സംഘാടകസമിതിയിലെ ഒരംഗം കൃത്യസമയത്ത് ഒളിമ്പിക്സ് നടത്തുക പ്രയാസമാണെന്ന് ഒരഭിമുഖത്തിൽ പറഞ്ഞപ്പോൾ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി ഇടപെട്ട് തിരുത്തിച്ചിരുന്നു.

പിന്നാലെ ജാപ്പനീസ് കായിക മന്ത്രി സമയത്ത് ഗെയിംസ് നടത്താനാകില്ലെന്നും കരാർ പ്രകാരം ഇൗവർഷം അവസാനത്തിനുള്ളിൽ ഗെയിംസ് നടത്തിയാൽ മതിയെന്നും പാർലമെന്റിൽ പറഞ്ഞപ്പോഴും ഐ.ഒ.സി ഇടപെട്ടു. തുടർന്ന് കൃത്യസമയത്ത് തന്നെ ഗെയിംസ് നടത്താൻ പരിശ്രമിക്കുമെന്ന് ജാപ്പനീസ് കായികമന്ത്രിക്ക് പാർലമെന്റിൽ പ്രഖ്യാപിക്കേണ്ടിവന്നു.

ഇൗമാസം 12ന് ഗ്രീസിൽ കാണികളെ ഒഴിവാക്കി നടത്തിയ ഒളിമ്പിക് ദീപം തെളിക്കൽ ചടങ്ങിൽ പങ്കെടുത്ത് ഐ.ഒ.സി പ്രസിഡന്റ് തോമസ് ബാച്ച് പറഞ്ഞത് ഏത് വെല്ലുവിളിയും നേരിട്ട് ഒളിമ്പിക്സ് നടത്തുമെന്നാണ് അതിന് തൊട്ടുപിന്നാലെ ടോക്കിയോ ഗെയിംസ് സംഘാടകസമിതി എക്സിക്യൂട്ടീവ് മെമ്പർതന്നെ രണ്ടുവർഷമെങ്കിലും കഴിഞ്ഞേ ഒളിമ്പിക്സ് നടക്കൂ എന്ന രീതിയിൽ പ്രതികരിക്കുകയുണ്ടായി. ഇതോടെ ഐ.ഒ.സി വീണ്ടും രംഗത്തുവരികയും ഒളിമ്പിക്സ് സമയത്ത് നടത്താമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെയെ കൊണ്ട് പറയിക്കുകയും ചെയ്തു.

എന്നാൽ ലോകത്ത് പ്രധാനപ്പെട്ട കായിക പരിപാടികളെല്ലാം മാറ്റിവയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുമ്പോഴും ഒളിമ്പിക്സ് മാത്രം എങ്ങനെ കൃത്യസമയത്ത് നടത്തും എന്നത് ചോദ്യചിഹ്നമായതോടെയാണ് ഐ.ഒ.സി അടിയന്തര ചർച്ചയ്ക്ക് ഒരുങ്ങുന്നത്.

ആളില്ലാതെ ദീപശിഖാപ്രയാണം

കാണികളെ ഒഴിവാക്കി ദീപശിഖ തെളിക്കൽ സംഘടിപ്പിച്ച ഗ്രീസിൽ ദീപശിഖാപ്രമാണം കാണാനും ആളുകളില്ല. ഇന്നലെ ഏതൻസിലെ ഒളിമ്പ്യാ സ്റ്റേഡിയത്തിലായിരുന്നു ദീപശിഖാ പ്രയാണം. എന്നാൽ ഗാലറിയിലേക്ക് ആരെയും പ്രവേശിച്ചിരുന്നില്ല.

131

ദിവസമാണ് ഇനി ഒളിമ്പിക്സിന് അവശേഷിക്കുന്നത്.

മാറ്റാൻ തയ്യാറാകുമോ?

ഒളിമ്പിക്സ് മാറ്റാൻ ഐ.ഒ.സി തയ്യാറായേക്കുമെന്ന് സൂചനയുണ്ട്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായം ഇക്കാര്യത്തിൽ ഐ.ഒ.സി തലവൻ തോമസ് ബാച്ച് ആരാഞ്ഞതായി റിപ്പോർട്ടുണ്ട്. മഹാമാരിയായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന രോഗത്തെ ജൂലായ്ക്ക് മുമ്പ് പൂർണമായി ഒഴിവാക്കാൻ കഴിഞ്ഞില്ലെങ്കിൽ എല്ലാ രാജ്യങ്ങളെയും പങ്കെടുപ്പിച്ച് ഗെയിംസ് നടത്തുന്നത് അപകടകരമായിരിക്കുമെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ അഭിപ്രായം. ഇതോടെയാണ് അംഗരാജ്യങ്ങളുമായി അടിയന്തര ചർച്ചയ്ക്ക് ഐ.ഒ.സി തീരുമാനിച്ചത്.