തിരുവനന്തപുരം : വ്യാജ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുമായെത്തിയ ആൾ രണ്ട് വർഷത്തോളം ക്ളാർക്കായി ജോലി ചെയ്ത സംഭവത്തിൽ വിശദ റിപ്പോർട്ട് തേടിയ കായിക വകുപ്പിന് മറുപടി നൽകാതെ സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ഒളിച്ചുകളി.
എസ്.എസ്.എൽ.സി തോറ്റിരുന്ന ഉദ്യോഗാർത്ഥിയാണ് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി സംസ്ഥാന സ്പോർട്സ് കൗൺസിൽ ഒാഫീസിൽ ജോലിക്ക് കയറിയത്. പിന്നീട് ഇതിനെക്കുറിച്ച് പരാതി ലഭിച്ചപ്പോൾ നടത്തിയ പരിശോധനയിൽ വ്യാജ സർട്ടിഫിക്കറ്റാണെന്ന് തെളിയുകയും ഇവരെ പുറത്താക്കുകയും ചെയ്തു.
എന്നാൽ വ്യാജ സർട്ടിഫിക്കറ്റുമായി എത്തിയ ആളെ ജോലിക്ക് നിയമിക്കാൻ ചരടുകൾ വലിച്ചത് കൗൺസിലിലെ ഒരു ജീവനക്കാരനാണെന്ന് പരാതി തൊട്ടുപിന്നാലെ കായികമന്ത്രിയുടെ ഒാഫീസിലും കായിക സെക്രട്ടറിക്കും ലഭിച്ചിരുന്നു. ഇൗ പരാതിയുടെ അടിസ്ഥാനത്തിൽ വിശദ റിപ്പോർട്ട് ആവശ്യപ്പെട്ട് കൗൺസിലിലേക്ക് കത്തയച്ചിട്ട് രണ്ടുമാസം കഴിഞ്ഞു. എന്നാൽ ഇതുവരെയും മറുപടി മന്ത്രിയുടെ ഒാഫീസിലോ കായിക വകുപ്പ് സെക്രട്ടറിയുടെ ഒാഫീസിലോ എത്തിയിട്ടില്ല. കൗൺസിലിലെ ഉന്നതർ ചേർന്ന് ഇൗ ഫയൽ പൂഴ്ത്തിവച്ച് ജീവനക്കാരനെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നാണ് ആരോപണം.
തങ്ങളുടെ കത്തിന് മറുപടി തേടി പലതവണ കായികവകുപ്പ് കൗൺസിലിന് റിമൈൻഡറുകൾ നൽകിയിട്ടും പ്രതികരണം ഒന്നുമുണ്ടായിട്ടില്ല.
നിരവധി കായിക താരങ്ങളുടെ സർട്ടിഫിക്കറ്റുകൾ സ്പോർട്സ് ക്വാട്ട അഡ്മിഷന് വേണ്ടിയും സർക്കാർ ജോലിക്ക് വേണ്ടിയും സാക്ഷ്യപ്പെടുത്തി നൽകുന്നത് സംസ്ഥാന സ്പോർട്സ് കൗൺസിലാണ്. അവിടെത്തന്നെ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയെന്നത് കായികമന്ത്രി ഗൗരവമായാണ് എടുത്തിരിക്കുന്നത്. എന്നാൽ ഇൗ പ്രശ്നം ഒതുക്കിത്തീർക്കാനായിരുന്നു തുടക്കംമുതൽ കൗൺസിലിലെ ഉന്നതരുടെ ശ്രമം.