മാഡ്രിഡ് : സ്പാനിഷ് ഫുട്ബാൾ ക്ളബ് വലൻസിയയുടെ പ്ളേയിംഗ് ഇലവനിലെയും ഫസ്റ്റ് ടീം സ്റ്റാഫുകളിലെയും അഞ്ചുപേർക്ക് കൊറോണ വൈറസ് ബാധയേറ്റതായി റിപ്പോർട്ടുകൾ. അർജന്റീനക്കാരനായ ക്ളബിന്റെ ഡിഫൻഡർ എസക്കിയേൽ ഗാരേയ്ക്കാണ് രോഗബാധയുണ്ടായതായി ആദ്യ സ്ഥിരീകരണം വന്നത്. രോഗം ബാധിക്കുന്ന ആദ്യ സ്പാനിഷ് ലാലിഗ ക്ളബ് അംഗമാണ് ഗാരേയ്. തൊട്ടുപിന്നാലെയാണ് കളിക്കാരും സ്റ്റാഫും ഉൾപ്പെടെ അഞ്ചുപേർ രോഗബാധിതരുടെ പട്ടികയിലുണ്ടെന്ന് ക്ളബ് അധികൃതർ അറിയിച്ചത്.
കഴിഞ്ഞമാസം കാൽമുട്ടിലെ ശസ്ത്രക്രിയകഴിഞ്ഞ് വിശ്രമിക്കുകയാണ് ഗാരേ. കഴിഞ്ഞമാസം ചാമ്പ്യൻസ് ലീഗിൽ അറ്റ്‌ലാന്റയ്ക്കെതിരായ മത്സരത്തിനായി വലൻസിയ ടീം ഇറ്റലിയിലെ മിലാൻ സന്ദർശിച്ചിരുന്നു. അന്ന് വൈറസ് വ്യാപനത്തെക്കുറിച്ച് അറിവില്ലാത്തതിനാൽ സ്റ്റേഡിയങ്ങളിൽ നിയന്ത്രണമില്ലായിരുന്നു. ഇൗ മത്സരം കഴിഞ്ഞെത്തിയ വലൻസിയക്കാരനായ റേഡിയോ ജേർണലിസ്റ്റിനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടർന്നാണ് ക്ളബ് അംഗങ്ങൾക്ക് രോഗം എത്തിയത്. ഇൗമാസം നടന്ന അറ്റ്ലാന്റയുമായുള്ള ഹോംമാച്ച് അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു.
രോഗബാധിതരായവർ വീടുകളിൽ നിരീക്ഷണത്തിലാണെന്നും ആരോഗ്യനില സുരക്ഷിതമാണെന്നും വലൻസിയ ക്ളബ് അധികൃതർ അറിയിച്ചു.
കളിനിറുത്താൻ
വൈകിയതിനെതിരെ റൂണി
ലണ്ടൻ : കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ മത്സരങ്ങൾ നിറുത്തിവയ്ക്കാനുള്ള ഇംഗ്ളീഷ് ഫുട്ബാൾ അസോസിയേഷന്റെ തീരുമാനം വൈകിയതിനെതിരെ വിമർശനവുമായി സൂപ്പർതാരം വെയ്ൻ റൂണി. ആഴ്സനൽ പരിശീലകൻ മൈക്കേൽ ആർട്ടേറ്റയ്ക്ക് കൊറോണ വന്നതിന് ശേഷമാണ് ഇംഗ്ളീഷ് എഫ്.എ മത്സരങ്ങൾ നിറുത്തിവച്ചത്. അത്രയും സമയം കളിക്കാരെ ഗിനിപ്പന്നികളെപ്പോലെ പരീക്ഷണത്തിന് വിട്ടുകൊടുത്തിരിക്കുകയായിരുന്നു അധികാരികളെന്ന് റൂണി തുറന്നടിച്ചു.
ഇന്ത്യൻ സംഘം
ടോക്കിയോയിലേക്കില്ല
ന്യൂഡൽഹി :ടോക്കിയോ ഒളിമ്പിക്സിന്റെ തയ്യാറെടുപ്പുകൾ നിരീക്ഷിക്കാനായി ഇൗമാസം 25 മുതൽ ഇന്ത്യൻ ഒമ്പിമ്പിക്സ് അസോസിയേഷൻ ഭാരവാഹികളും കേന്ദ്ര സർക്കാർ പ്രതിനിധികളും നടത്താൻ നിശ്ചയിച്ചിരുന്ന ജപ്പാൻ സന്ദർശനം മാറ്റിവച്ചു.
ഷെഫീൽഡ് ഷീൽഡ്
ഉപേക്ഷിച്ച്
മെൽബൺ : കൊറോണയുടെ പശ്ചാത്തലത്തിൽ ആസ്ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റ്
ഷെഫീൽഡ് ഷീൽഡിന്റെ ഫൈനൽ റൗണ്ട് ഉപേക്ഷിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്തിന് ശേഷം ആദ്യമായാണ് ടൂർണമെന്റ് പൂർത്തിയാക്കാൻ കഴിയാതെ വരുന്നത്. മാർച്ച് 27 നായിരുന്നു ഇത്തവണത്തെ ഫൈനൽ നിശ്ചയിച്ചിരുന്നത്. അതേസമയം ആരെ വിജയിയായി പ്രഖ്യാപിക്കുമെന്നതിൽ തർക്കം കാരണം തീരുമാനമെടുക്കാൻ കഴിഞ്ഞില്ലെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ അറിയിച്ചു.
ധോണി ചെന്നൈ വിട്ടു
ചെന്നൈ : ഐ.പി.എൽ ഏപ്രിൽ 15 വരെ മാറ്റിവച്ചത് കാരണം ചെന്നൈയിലെ പരിശീലനം അവസാനിപ്പിച്ച് നായകൻ മഹേന്ദ്രസിംഗ് ധോണി ജന്മനാടായ റാഞ്ചിയിലേക്ക് മടങ്ങി. ഇൗമാസം ഒന്നുമുതലാണ് ധോണി ചെന്നൈ സൂപ്പർ കിംഗ്സ് ടീമിനൊപ്പം പരിശീലനം ആരംഭിച്ചിരുന്നത്.
കൊറോണ രോഗവ്യാപനത്തെ തടുക്കാൻ നിരന്തരം പരിശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. നിങ്ങളാണ് ഞങ്ങളുടെ യഥാർത്ഥ ഹീറോസ്. നിങ്ങൾക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള നന്ദി. നിങ്ങളുടെ ഉപദേശങ്ങൾ അനുസരിച്ച് ഞങ്ങളെല്ലാം നിങ്ങൾക്കൊപ്പമുണ്ട്.
സെർജിയോ റാമോസ്
സ്പാനിഷ് ഫുട്ബാളർ
ഹോക്കി ടീമിനെ വിമാന
താവളത്തിൽനിന്ന് തിരിച്ചുവിളിച്ചു
ബംഗളുരു : സ്പോർട്സ് അതോറിട്ടി ഒഫ് ഇന്ത്യയുടെ ദേശീയ ക്യാമ്പിന്റെ ഇടവേളയിൽ വീടുകളിലേക്ക് പോകാൻ എത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീമംഗങ്ങളെ ബംഗളുരു എയർപോർട്ടിൽനിന്ന് തിരിച്ചുവിളിച്ച് വീണ്ടും ക്യാമ്പിലാക്കി. ഇൗ സാഹചര്യത്തിൽ യാത്ര ചെയ്യുന്നത് രോഗബാധ സാദ്ധ്യത വർദ്ധിപ്പിക്കുമെന്നതിനാലാണ് ഇൗ നടപടി. നേരത്തെ ഇന്ത്യൻ പുരുഷ വനിതാ ഹോക്കി ടീമുകളുടെ യൂറോപ്യൻ പര്യടനം റദ്ദാക്കിയിരുന്നു.
ജീവിതത്തിൽ ബുദ്ധിമുട്ടേറിയ ഘട്ടം എല്ലാവർക്കുമുണ്ടാകും. ലോകത്ത് നടക്കുന്നതിനെപ്പറ്റി ഞാനും സങ്കടപ്പെടുന്നു. ഏറ്റവും കൂടുതൽ പ്രയാസപ്പെടുന്നവരിലേക്ക് സഹായമെത്തിക്കേണ്ട സമയമാണിത്. ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ കൃത്യമായി അനുസരിക്കണം. ഇൗ വൈറസിനെ പ്രതിരോധിക്കാൻ അതുമാത്രമാണ് മാർഗം. ഉത്തരവാദിത്വത്തോടെ വീടുകളിൽ ഇരിക്കേണ്ട സമയമാണിത്.
ലയണനൽ മെസി
അജന്റീനിയൻ
ഫുട്ബാളർ.