കോവളം: വാഴമുട്ടം ബൈപാസിലെ സിഗ്നലിൽ നിറുത്തിയിട്ടിരുന്ന കാറിന്റെ പിന്നിൽ തീർത്ഥാടക സംഘം സഞ്ചരിച്ച കാർ ഇടിച്ച് രണ്ടുപേർക്ക് പരിക്ക്. കാറിൽ തീർത്ഥാടകർ ഉൾപ്പെടെ ആറുപേർ ഉണ്ടായിരുന്നു. തമിഴ്നാട് സ്വദേശികളായ രണ്ടുപേർക്കാണ് തലയ്‌ക്കും മുഖത്തും ഗുരുതര പരിക്കേറ്റത്. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടോടെയായിരുന്നു അപകടം. തിരുവല്ലം ഭാഗത്ത് നിന്നും കോവളം ഭാഗത്തേക്ക് വരികയായിരുന്ന തീർത്ഥാടകരുടെ കാർ വാഴമുട്ടം സിഗ്നൽ ജംഗ്ഷനിൽ കാത്തുകിടന്ന കാറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെ 108 ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വേഗത്തിലെത്തിയ തീർത്ഥാടകരുടെ കാറിന്റെ മുൻഭാഗവും നിറുത്തിയിട്ടിരുന്ന കാറിന്റെ പിൻഭാഗവും തകർന്നു.