kazhakkoottam

കുളത്തൂർ: നിരവധി യാത്രക്കാർ നിത്യേനെ വന്നുപോകുന്ന കഴക്കൂട്ടം റെയിൽവേ സ്റ്റേഷൻ ഇപ്പോഴും അവഗണനയിൽ തുടരുകയാണ്. മൂന്ന് വർഷങ്ങൾക്കു മുമ്പ് ഏഴ് ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ നേടിയെടുക്കാൻ സാധിച്ചതൊഴിച്ചാൽ കാര്യമായ യാതൊരു വികസനവും നടന്നിട്ടില്ല. കേരളത്തിന്റെ ഐ.ടി കോറിഡോറും ഇന്ത്യയിലെ ഏറ്റവും വലിയ ഐ. ടി പാർക്കുകളിൽ ഒന്നുമായ ടെക്നോപാർക്ക്, വിക്രം സാരാഭായി സ്‌പേസ് സെന്റർ, സൈനിക സ്കൂൾ, കേരള യൂണിവേഴ്സിറ്റി കാമ്പസ്, പ്രൊഫഷണൽ കോളേജുകൾ, സ്‌കൂളുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങളിലെ യാത്രക്കാർ പ്രധാനമായും ആശ്രയിക്കുന്നത് കഴക്കൂട്ടം വഴി കടന്നു പോകുന്ന ട്രെയിനുകളെയാണ്. യാത്രക്കാരുടെ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും നടത്തുന്ന സമരങ്ങൾക്കും റെയിൽവേ പുല്ലുവിലയാണ് കല്പിക്കുന്നത്. വലിയ സാമ്പത്തിക വരുമാനം ഉണ്ടാക്കാൻ കഴിയുന്ന ഈ റെയിൽവേ സ്റ്റേഷന്റെ സാദ്ധ്യതകളെ പ്രയോജനപ്പെടുത്താനും യാത്രക്കാർക്ക് അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കാനും കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരോ എം.പി മാരോ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല എന്നതാണ് ഏറെ പരിതാപകരം.

പ്രധാന പ്രശ്നങ്ങൾ
പ്രധാനപ്പെട്ട പത്തോളം ട്രെയിനുകൾക്ക് ഇവിടെ ഇപ്പോഴും സ്റ്റോപ്പ് അനുവദിച്ചിട്ടില്ല.
നിറുത്തുന്ന ട്രെയിനുകൾക്ക് തന്നെ ഒന്നോ രണ്ടോ മിനിറ്റുകൾ മാത്രമാണ് സമയം
തിരക്കേറുന്ന ആഴ്ചയുടെ അവസാന ദിവസങ്ങളിൽ ടിക്കറ്റ് നൽകുന്നതിന് മതിയായ സംവിധാനങ്ങളില്ല
യാത്രക്കാർക്ക് ഇരിക്കുന്നതിനോ വിശ്രമിക്കുന്നതിനോ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനോ വേണ്ടത്ര സംവിധാനമില്ല
സന്ധ്യയായാൽ ഇരുൾ മൂടിയ സ്റ്റേഷനിലും പരിസരത്തും ആവശ്യത്തിന് വെളിച്ചമില്ല.
സ്ഥിരം യാത്രക്കാരുടെ വാഹനങ്ങൾ സൂക്ഷിക്കാൻ ഫലപ്രദമായ സംവിധാനമില്ല
നിലവിലെ പാർക്കിംഗ് ഏരിയയിൽനിന്ന് വാഹനങ്ങളും വാഹനഭാഗങ്ങളും മോഷണം പോകുന്നത് പതിവാണ്.
 നലാം ട്രാക്കിൽ ഒരു വശം മാത്രമേ പ്ളാറ്റ് ഫോം പണിതിട്ടുള്ളു.