തിരുവനന്തപുരം: നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് തലകീഴായി മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികനായ മൊട്ടമൂട് സ്വദേശി സുധീഷ് കുമാർ (22 ), കാറിലുണ്ടായിരുന്ന മുട്ടട സ്വദേശികളായ സുരേന്ദ്രനാശാരി ( 68 ), അംബിക (64 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 10.50ന് മുട്ടട വയലിക്കടയിലാണ് സംഭവം. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പലമുക്ക് ഭാഗത്തുനിന്നും മുട്ടടയിലേക്ക് വരികയായിരുന്നു ഐ20 കാറാണ് അപകടത്തിൽപ്പെട്ടത്. പാതിരിപ്പള്ളിയിൽ നിന്നും വയലിക്കടയിലേക്ക് വരികയായിരുന്നു ബൈക്ക്. അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് ബൈക്കിലിടിച്ചാണ് നിന്നത്. ബൈക്ക് തെറിച്ച് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഫുഡ് ഡെലിവറി ജീവനക്കാരനായ സുധീഷ് കുമാറിന്റെ കൈയ്‌ക്ക് പൊട്ടലുണ്ട്. കാറിലുണ്ടായിരുന്നവരുടെ പരിക്ക് ഗുരുതരമല്ല. കാർ ഓടിച്ചിരുന്ന യുവാവ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് റോഡിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. പേരൂർക്കട പൊലീസ് എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.