തിരുവനന്തപുരം: കൊറോണ ഭീതിയിൽ സംസ്ഥാനത്ത് ജനം സ്വയം നിയന്ത്രണം പാലിക്കുന്ന കാഴ്ചയാണ് എങ്ങും. മാസ്ക് ധരിച്ചും തൂവാല കൊണ്ട് മുഖം മറച്ചുമാണ് അധികം പേരും യാത്ര ചെയ്യുന്നത്. ട്രെയിനിലും ബസിലുമെല്ലാം യാത്രക്കാർ തീരെ കുറവ്. സീറ്റുകളെല്ലാം ഒഴിഞ്ഞു കിടക്കുകയാണ്. റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷാ മാർഗങ്ങളും കൊറോണ ലക്ഷണങ്ങളും അനൗൺസ്മെൻറ് ചെയ്തുകൊണ്ടിരിക്കുന്നു.
ആരും കൂട്ടം കൂടി നിന്ന് സംസാരിക്കുന്നില്ല. ട്രെയിനും ബസും ഇറങ്ങുന്നവർ നേരെ വീടുകൾ പിടിക്കുകയാണ്. ഇന്ന് തിങ്കളാഴ്ചായിരുന്നിട്ട് കൂടി യാത്രക്കാരുടെ തിരക്ക് ഒട്ടുമില്ലായിരുന്നു. അധികം പേരും യാത്ര ഒഴിവാക്കുകയാണ്. ഓഫീസുകളിലും ഹാജർനില കുറവാണ്. പൊതുനിരത്തുകളിൽ തിരക്കേയില്ല.ഹോട്ടലുകളിലും തിരക്കില്ല. പുറത്ത് നിന്നുള്ള ആഹാരം കൂടുതൽ പേരും ഒഴിവാക്കുകയാണ്. അത്യാവശ്യകാര്യത്തിന് മാത്രം പുറത്തിറങ്ങുന്ന അവസ്ഥയാണ്.
മാളുകളിലും കടകളിലും ആളുകളില്ല. ചില പള്ളികളിൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ചടങ്ങുകൾ ഉണ്ടായിരിക്കുന്നതല്ല എന്ന ബോർഡ് സ്ഥാപിച്ചിരിക്കുകയാണ്. ക്ഷേത്രങ്ങളിലും ഭക്തരുടെ തിരക്കില്ല. എങ്ങും വിജനമായ അവസ്ഥ. വിവാഹങ്ങൾ മാറ്റിവച്ചുകൊണ്ടിരിക്കുകയാണ്. മാറ്റിവയ്ക്കാത്ത വിവാഹങ്ങളിൽ വളരെ കുറച്ച് പേർ മാത്രമേ പങ്കെടുക്കുന്നുള്ളൂ. വിവാഹങ്ങളെല്ലാം അധികൃതരുടെ നിരീക്ഷണത്തിലാണ്. ആളിനെ കൂട്ടരുതെന്ന നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.