കൊച്ചി: കൊറോണരോഗം സ്ഥിരീകരിച്ച് കളമശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ കഴിയുന്ന ബ്രിട്ടീഷ് പൗരൻ ഉത്സവത്തിൽ പങ്കെടുത്തത് ആശങ്ക ഇരട്ടിയാക്കുന്നു. ഈ മാസം എട്ടിന് തൃശൂർ കുട്ടനെല്ലൂരിലെ ഉത്സവത്തിലാണ് ഇയാൾ പങ്കെടുത്തത്. ഇവിടെ നാട്ടുകാരിൽ ചിലർക്കൊപ്പം സെൽഫി എടുത്തിരുന്നു. ഇതോടൊപ്പം തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിലും എത്തി. രണ്ട് ഇടങ്ങളിൽ ഇയാളുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി നിരീക്ഷിച്ച് വരികയാണ്. അതേസമയം, മൂന്നാറിലേക്ക് പോകും മുമ്പ് കൊച്ചിയിൽ തങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഇയാളുടെ റൂട്ട്മാപ്പ് ഇന്ന് പുറത്ത് വിടും. ഫോർട്ട്‌കൊച്ചിയും വില്ലിംഗ്ടൺ ഐലന്റുമാണ് ഇയാൾ സന്ദർശിച്ചത്. ഇതിന് ശേഷം അതിരപ്പള്ളിയും ചെറുതുരുത്തിയിലും എത്തിയിരുന്നു. ഇവിടങ്ങളിൽ ബ്രിട്ടീഷ് പൗരൻ അടുത്ത് ഇടപഴകിയവരെയും ആരോഗ്യ വകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരും നിരീക്ഷണത്തിലാണ്. കുട്ടനെല്ലൂർ ഉത്സവത്തിലും പാറമേക്കാവ് ക്ഷേത്രത്തിലും എത്തിയത് സി.സി.ടി.വി പരിശോധിച്ചാണ് ഉറപ്പാക്കിയത്.
റിപ്പോർട്ട് ഇന്ന് കൈമാറും
കോവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരൻ നെടുമ്പാശേരി വഴി രാജ്യത്തിന് വെളിയിൽ കടക്കാൻ ശ്രമിച്ച സംഭവത്തിൽ എറണാകുളം ജില്ലാ കളക്ടർ ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറും. സംഭവം പുറത്തായതോടെ മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടുകയും അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെടുകയുമായിരുന്നു. വീഴ്ചകളെല്ലാം ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ടാണ് കളക്ടർ തയ്യാറാക്കിയിട്ടുള്ളത്. കൊവിഡ് രോഗബാധ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനും ഭാര്യയും അടക്കമുള്ള 19 അംഗ യൂറോപ്യൻ സംഘമാണ് രാവിലെ നെടുമ്പാശേരിയിൽ നിന്നും ദുബായിലേക്ക് പോകാൻ ശ്രമിച്ചത്. ദുബായ് എമിറേറ്റ്‌സ് വിമാനം വഴി ദുബായിലേക്ക് കടക്കാനാണ് ഇയാൾ ശ്രമിച്ചത്. വിമാനത്താവളത്തിലെ പരിശോധനകൾ എല്ലാം പൂർത്തിയാക്കിയാണ് ഇയാൾ വിമാനത്തിൽ കയറിയത്. 160 വിദേശികൾ അടക്കം 270 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ബ്രിട്ടീഷ് പൗരനേയും ഭാര്യയേയും പിന്നീട് ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. സംഘത്തിലെ ബാക്കി 17പേരെ നെടുമ്പാശേരിയിലെ ഹോട്ടലിൽ നിരീക്ഷിച്ച് വരികയാണ്.
നാല് പേരുടെയും നില തൃപ്തികരം
എറണാകുളം ജില്ലയിൽ കോവിഡ്19 സ്ഥിരീകരിച്ച് ഐസൊലേഷൻ വാർഡിൽ ചികിത്സയിലുള്ള നാല് പേരുടെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നു. ഇറ്റലിയിൽ നിന്ന് കൊച്ചിയിൽ എത്തിയ മൂന്ന് വയസുള്ള കുട്ടിയും മാതാപിക്കളും ഇന്നലെ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച് ബ്രട്ടീഷ് പൗരനുമാണ് കളമശേരിയിൽ ചികിത്സയിലുള്ളത്. അതേസമയം, തൃശൂരിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെയും ആരോഗ്യ നിലയും തൃപ്തികരമാണ്. എറണാകുളത്ത് 32 പേരാണ് ഐസൊലേഷൻ വാർഡിൽ ചികിത്സയിലുള്ളത്. 630 പേർ വീടുകളിലും നിരീക്ഷണത്തിലുണ്ട്. അതേസമയം, ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ രണ്ട് ജില്ലകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.