കേരളക്കരയെ ആകെ വിറപ്പിച്ച് കുട്ടനാട്ടിൽ നിന്ന് തുടങ്ങിയ പക്ഷിപ്പനി അടങ്ങിയിരിക്കുകയാണ്. കഴിഞ്ഞമാസം ഭുവനേശ്വറിലാണ് രോഗം പ്രത്യക്ഷപ്പെട്ടത്. 1997 മുതൽ ഹോങ്കോംഗിൽ കണ്ടെത്തിയ രോഗം 2013 ൽ വ്യാപകമായി റിപ്പോർട്ട് ചെയ്തു. എച്ച് 5 എൻ 1 രോഗം ഇതുവരെ 650 ഓളം പേരെ ബാധിച്ചതായും 400 ലേറെ പേർ മരിച്ചതായും കണക്കാക്കപ്പെടുന്നു. എച്ച് 5 എൻ1 ഇനത്തിൽപ്പെട്ട വിഭാഗം താരതമ്യേന കുറഞ്ഞ തീവ്രതയുള്ളതാണ്.
എങ്ങനെ പകരുന്നു ?
ഈ വൈറസുകൾ സാധാരണയായി കാട്ടുപക്ഷികളിലും അപൂർവേ കാട്ടുമൃഗങ്ങളിലുമാണ് കണ്ടുവരുന്നത്.ദേശാടന പക്ഷികൾ വഴി ഇത് നാട്ടു പക്ഷിക്കൂട്ടങ്ങളായ താറാവ്, കോഴി, കാട എന്നിവയെ ബാധിക്കുമ്പോൾ വളരെപ്പെട്ടെന്ന് അവയ്ക്കിടയിൽ പടർന്നുപിടിക്കുകയും 48 മണിക്കൂറിനുള്ളിൽ അവയുടെ കൂട്ട മരണത്തിന് കാരണമാവുകയും ചെയ്യും. മനുഷ്യരിലാണ് ഈ രോഗബാധയുണ്ടാകാൻ സാദ്ധ്യതയുള്ളത്.
മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകർന്നതിനുള്ള തെളിവ് ഇതുവരെ ലഭിച്ചിട്ടില്ല. സാധാരണ ഇൻഫ്ളുവൻസ വൈറസിനുള്ള ജനിതക മാറ്റം വഴിയാണ് ഇപ്പോഴത്തെ താരങ്ങളായ എച്ച് 5 എൻ 1, എച്ച് 7 എൻ 9 ഉം എച്ച് 1 എൻ 1 ഉം ഉണ്ടായത്.
രോഗലക്ഷണങ്ങൾ
തുടക്കത്തിൽ സാധാരണ ഫ്ളൂപോലുള്ള ലക്ഷണങ്ങളാണ്. കടുത്ത പനി (38 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ), ശരീര വേദന, ജലദോഷം, തൊണ്ട വേദന, ചുമ, ശ്വാസ തടസ്സം എന്നിവ ഉണ്ടാകും. ഛർദ്ദിൽ, വയറിളക്കം, വയർ വേദന, മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നും രക്തം വരുക തുടങ്ങിയ ലക്ഷണങ്ങളും ചിലരിൽ ആദ്യമേ കാണും. തുടർന്ന് 4- 5 ദിവസത്തിനുള്ളിൽ ന്യുമോണിയയുടെ ലക്ഷണങ്ങളായ വിറയലോടുകൂടിയ പനി, ശ്വാസം മുട്ടൽ, നെഞ്ചുവേദന, രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുക, ബോധം നശിക്കുക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകും. മറ്റ് അവയവ വ്യൂഹത്തെ ബാധിക്കുമ്പോഴുണ്ടാവുന്ന പ്രവർത്തന സ്തംഭനത്തിന്റെ ലക്ഷണങ്ങളായ ശരീരം നീരുവന്ന് തടിക്കൽ, മൂത്രം അളവ് കുറയൽ, ബോധക്ഷയം എന്നിവയോ, ഹൃദയ പ്രവർത്തന മന്ദതയോ ഉണ്ടാകും. നാഡീവ്യൂഹത്തെ ബാധിക്കുന്ന ലക്ഷണങ്ങളും ഉണ്ടാകാം തുടർന്ന് മരണവും സംഭവിക്കും.
ഡോ. കെ. വേണുഗോപാൽ,
സീനിയർ കൺസൾട്ടന്റ്,
ശ്രീമംഗലം, പഴവീട്,
ആലപ്പുഴ.
ഫോൺ: 9447162224.