01

കുളത്തൂർ: വേളിയിലെ ടൂറിസം വികസനത്തിന്റെ ഭാഗമായി ടൂറിസ്റ്റ് വില്ലേജിൽ നിർമ്മിക്കുന്ന തെക്കേ ഇന്ത്യയിലെ ആദ്യ സോളാർ മിനിയേച്ചർ ട്രെയിൻ വിഷുവിന് ഓടിത്തുടങ്ങും. പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. കടൽ തീരത്തേക്ക് പോകുന്ന കായലിന് കുറുകെയുള്ള നടപ്പാലത്തിന് സമാന്തരമായി ചെറിയ റെയിൽ പാലത്തിന്റെ പണികൾ പൂർത്തിയാകാനുണ്ട്. ഇതിനുശേഷമാണ് തീവണ്ടിയുടെ ബോഗികൾ സ്ഥാപിക്കുന്നത്. സോളാർ വൈദ്യുതി ഉപയോഗിച്ച് ചാർജ്ജ് ചെയ്യുന്ന ബാറ്ററിയിലാണ് ട്രെയിൻ കൂകിപ്പായുന്നത്. വില്ലേജിലെ വ്യത്യസ്‌ത ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ചെറിയ റെയിൽവേ സ്റ്റേഷനും സിഗ്നൽ, തെരുവ് വിളക്ക് സംവിധാനങ്ങളുമെല്ലാം സൗരോർജ്ജത്തിലാണ് പ്രവർത്തിക്കുക. അധിക വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് കൈമാറുമെന്ന് അധികൃതർ വ്യകത്മാക്കി. ട്രെയിനിന്റെ മുകൾ ഭാഗത്തും സോളാർ പാനലുകൾ സ്ഥാപിക്കും. പരമ്പരാഗത രീതിയിലുള്ള റെയിൽവേ സ്റ്റേഷനുകളാണ് സ്ഥാപിക്കുന്നത്. ടൂറിസ്റ്റ് വില്ലേജിലെത്തുന്ന കുട്ടികളെയുൾപ്പെടെയുള്ള വിനോദ സഞ്ചാരികളെ ത്രസിപ്പിക്കുന്ന ഈ മിനിയേച്ചർ തീവണ്ടി യാത്രയ്ക്ക് ഒരാളിൽ നിന്ന് 30 രൂപ ഈടാക്കാനാണ് തീരുമാനം.

സഞ്ചാരികൾക്ക് പുത്തൻ അനുഭവം

------------------------------------------------------

ട്രെയിൻ തുരങ്കത്തിലൂടെയും കായലിന്റെ കുറുകെയുള്ള പാലത്തിലൂടെയും ശംഖ് പാർക്കിനെയും ചുറ്റി 2.30 കിലോമീറ്റർ ദൂരം സഞ്ചരിക്കും. ട്രെയിൻ രണ്ട് സ്റ്റേഷനുകൾ വഴി കടന്നുപോകുന്നത് സഞ്ചാരികൾക്ക് പുത്തൻ അനുഭവമാകും. വേളി ടൂറിസ്റ്റ് വില്ലേജിൽ ശംഖ് കുളക്കരയിൽ നിന്നും ആരംഭിക്കുന്ന ട്രെയിൻ സർവീസ് കടൽത്തീരത്തുപോയി തിരികെ വരുന്ന രീതിയിലാണ് പൂ‌ർത്തിയാകുന്നത്. കൃത്രിമമായി ആവി (പുക) പറക്കുന്ന പഴയ ആവി എൻജിന്റെ മാതൃകയിലുള്ളതാണ് തീവണ്ടി.

 ട്രെയിൻ യാത്രയ്‌ക്ക് - 30 രൂപ


 പദ്ധതി തുക - 9 കോടി

 ഒരു എൻജിനും രണ്ട് ബോഗികളും

50 പേർക്ക് സഞ്ചരിക്കാം

 ട്രാക്കിന്റെ നീളം - 2.30 കി.മീ