ലോകത്തെ വിറപ്പിച്ചു കൊണ്ടിരിക്കുന്ന കൊറോണ വിപത്തിനെതിരെ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ചതിൽ കേരളം രാജ്യത്തിനാകെ മാതൃകയായി നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായുണ്ടായ ചില പാളിച്ചകൾ നിരീക്ഷണ സംവിധാനങ്ങളെ കുഴച്ചുമറിച്ചത്. ഏതാനും വ്യക്തികൾ വരുത്തിയ കരുതലില്ലായ്മ ഊഹാതീതമായ പ്രശ്നങ്ങളിലേക്കാണ് സർക്കാരിനെയും ആരോഗ്യ മേഖലയെയും എടുത്തെറിഞ്ഞിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർ ഈ സമയത്ത് അവശ്യം പാലിക്കേണ്ട ചില മുൻകരുതലുകളുണ്ട്. ആദ്യം ഇറ്റലിയിൽ നിന്ന് റാന്നിയിലെത്തിയ മൂന്നംഗ കുടുംബമാണ് സുരക്ഷിത വലയം കടന്ന് നാടാകെ ഓടിനടന്ന് നൂറുകണക്കിനാളുകളെ നിരീക്ഷണത്തിൽ കഴിയാൻ നിർബന്ധിതരാക്കിയത്. കൊറോണ ബാധിത ഇറ്റലിയിൽ നിന്നാണു തങ്ങൾ വരുന്നതെന്ന പ്രധാന വിവരം മൂന്നംഗ കുടുംബം എയർപോർട്ടിലെ പരിശോധനാവിഭാഗം ഉദ്യോഗസ്ഥരിൽ നിന്നു മറച്ചുവച്ചതാണ് പ്രശ്നമായത്. പിന്നീടും ഇതുപോലുള്ള സംഭവങ്ങളുണ്ടായി. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ മറ്റൊരു കുടുംബവും രോഗബാധ അറിയാതെ നിരവധി പേരുമായി സമ്പർക്കത്തിലേർപ്പെട്ടു. ഏറ്റവും ഒടുവിൽ ജനങ്ങൾക്ക് മാർഗദർശനവും വൈദ്യ ഉപദേശങ്ങളും നൽകേണ്ട ഉത്തരവാദപ്പെട്ട ഒരു ഡോക്ടർ തന്നെ പ്രോട്ടോക്കോൾ ലംഘിച്ചുകൊണ്ട് രോഗാവസ്ഥയിലും ആശുപത്രിയിൽ പോവുകയും അനവധി രോഗികളെ പരിശോധിക്കുകയും സഹപ്രവർത്തകരടക്കം അനവധി പേരുമായി സമ്പർക്കം പുലർത്തുകയും ചെയ്തിരിക്കുന്നു. സംസ്ഥാനത്തെ ഏറ്റവും ഉന്നതമായ ആശുപത്രികളിലൊന്നായ ശ്രീചിത്രാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടറാണ് ഇതിനു കാരണക്കാരൻ എന്നറിയുമ്പോഴാണ് സാധാരണക്കാരുടെ അജ്ഞതയെ എങ്ങനെ കുറ്റപ്പെടുത്താനാവുമെന്ന് തോന്നിപ്പോകുന്നത്. സ്പെയിനിൽ ഒരു ക്യാമ്പിൽ പങ്കെടുത്ത് മടങ്ങിവന്ന ഡോക്ടർ 14 ദിവസം സ്വവസതിയിൽ സ്വയം നിരീക്ഷണത്തിൽ കഴിയേണ്ടതായിരുന്നു. എന്നാൽ നിബന്ധന പാലിക്കാതെ അദ്ദേഹം ആശുപത്രിയിൽ ഡ്യൂട്ടിക്കെത്തുകയായിരുന്നു. ശ്രീചിത്രയെപ്പോലെ ഉന്നതമായ ഒരു ആശുപത്രിയിൽ ഇതുമൂലം സംഭവിച്ച ദുരിതങ്ങൾ സങ്കല്പാതീതമാണ്. അദ്ദേഹത്തോടൊപ്പം ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഡ്യൂട്ടി നോക്കിയ ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫുമെല്ലാം നിരീക്ഷണത്തിൽ പോകേണ്ട സ്ഥിതിയാണിപ്പോൾ. അദ്ദേഹത്തിനു മുമ്പിൽ പരിശോധനയ്ക്കു വേണ്ടി എത്തിയ രോഗികളെയും കണ്ടെത്തി വസതികളിൽ നിരീക്ഷണത്തിലാക്കേണ്ടിയിരിക്കുന്നു. ആരോഗ്യപ്രവർത്തകരെയും പൊലീസിനെയും തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരെയും സംബന്ധിച്ചിടത്തോളം അതീവ ക്ളേശകരമായ ജോലിയാണിതെന്നു പ്രത്യേകം പറയേണ്ടതില്ല. കൊറോണ രോഗം പടരാതിരിക്കാൻ സർക്കാർ യുദ്ധസമാനമായ സജ്ജീകരണങ്ങൾ എടുത്തുകൊണ്ടിരിക്കുന്നതിനിടയിൽ ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നത് സ്ഥിതി കൂടുതൽ വഷളാക്കുകയേയുള്ളൂ. പകർച്ചവ്യാധിയുടെ ഗൗരവവും വ്യാപ്തിയും മറ്റാരേക്കാളും നന്നായി അറിയാവുന്ന ഒരു ഡോക്ടറിൽ നിന്നാണ് ഈ പിഴവു സംഭവിച്ചതെന്നത് മാപ്പർഹിക്കാത്ത കുറ്റം തന്നെയാണ്.
കൊച്ചിയിലെത്തിയ ബ്രിട്ടീഷ് വിനോദസഞ്ചാരസംഘത്തിന്റെ വിവാദ യാത്രയും ഉദ്യോഗസ്ഥ പിടിപ്പുകേടിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കാനാകും. ബ്രിട്ടീഷ് സംഘത്തിലെ ഒരാൾക്ക് കൊറോണ സ്ഥിരീകരിക്കപ്പെട്ടിരുന്നു. മൂന്നാറിലെത്തിയ സംഘാംഗങ്ങളെ മുഴുവൻ നിരീക്ഷണത്തിലാക്കിയെങ്കിലും ഞായറാഴ്ച അവർ യു.എ.ഇ യിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു. രോഗം സ്ഥിരീകരിച്ച ബ്രിട്ടീഷ് ദമ്പതികൾ മൂന്നാറിലെ റിസോർട്ടിൽ നിന്ന് ട്രാവൽ ഏജൻസികളുടെ ഒത്താശയോടെയാണത്രെ പുറത്തുകടന്ന് നിർബാധം കൊച്ചി വിമാനത്താവളത്തിലെത്തിയത്. കളക്ടറുടെ സമയോചിത ഇടപെടൽ കൊണ്ടുമാത്രമാണ് വിമാനത്തിൽ നിന്ന് ബ്രിട്ടീഷ് സംഘത്തെ ഒന്നടങ്കം പുറത്തിറക്കാനായത്. ദമ്പതികളെ മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ ഹോട്ടലിലും നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവരുടെ പരിശോധന ഇപ്പോഴത്തേതിനെക്കാൾ സമഗ്രവും കർക്കശവുമാക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതാണ് ഇതിനകം ഉണ്ടായ സംഭവഗതികൾ. രോഗലക്ഷണങ്ങളില്ലാത്തവരും നിർബന്ധമായി വീടുകളിൽ സ്വയം നിരീക്ഷണത്തിൽ നിശ്ചിത ദിവസങ്ങൾ കഴിയണമെന്ന നിബന്ധന പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പാക്കണം. അങ്ങനെയൊരു സംവിധാനത്തിന്റെ അഭാവമാണ് തിരുവനന്തപുരത്ത് ശ്രീചിത്രയിലെ ഡോക്ടർ രോഗാവസ്ഥയിലും ഡ്യൂട്ടിക്കെത്താൻ ഇടയായത്. ഓരോ വ്യക്തിയും ഉത്തരവാദിത്വബോധം കാണിക്കേണ്ട സന്ദർഭമാണിത്. സർക്കാർ മാത്രം വിചാരിച്ചാൽ രോഗവ്യാപനം ഫലപ്രദമായി തടയാനാവില്ല. സമൂഹവും വ്യക്തികളും ഒരുപോലെ മുൻകരുതൽ സ്വീകരിച്ചാലേ ശ്രമകരമായ ഈ ദൗത്യം വിജയപ്രാപ്തിയിലെത്തിക്കാനാവൂ. സമ്പർക്കങ്ങൾ പരമാവധി ഒഴിവാക്കാൻ ജനങ്ങൾ നിർബന്ധപൂർവം തയ്യാറാകണം. കൊറോണയുടെ ആദ്യഘട്ടത്തിൽ ഫലപ്രദമായ പ്രതിരോധ നടപടികളെടുക്കാൻ സാധിച്ചിരുന്നു. ചൈനയിൽ നിന്ന് രോഗവുമായി വന്നുചേർന്ന മൂന്നുപേരെയും ചികിത്സിച്ചു സുഖപ്പെടുത്തുകയും ചെയ്തു. വിദേശത്തു നിന്നെത്തിയ ഏതാനും പേരുടെ കരുതലില്ലായ്മയാണ് ഒട്ടനേകം പേരെ നിരീക്ഷിക്കേണ്ട സ്ഥിതി സൃഷ്ടിച്ചത്. പഴുതകളില്ലാത്ത പ്രതിരോധ നിരീക്ഷണ സംവിധാനങ്ങൾ സ്വീകരിക്കുക മാത്രമാണ് ഇതിന് പ്രതിവിധി. ഇനിയും കൂടുതൽ പേരിലേക്ക് രോഗം പടരാതിരിക്കാനാവശ്യമായ മുൻകരുതലുകൾ എടുക്കുമ്പോൾ ജനങ്ങൾ അതുമായി സർവാത്മനാ സഹകരിക്കണം.