sndp

ചിറയിൻകീഴ്: ശ്രീനാരായണ ഗുരുദേവന്റെ മഹദ് വചനങ്ങളിലൊന്നായ വ്യക്തി ശുചിത്വം ലോകമെമ്പാടും മുറുകെപ്പിടിക്കേണ്ട സാഹചര്യമാണ് സംജാതമായിട്ടുള്ളതെന്ന് സ്വാമി പരാനന്ദ പറഞ്ഞു. ചിറയിൻകീഴ് മഞ്ചാടിമൂട് മുസ്ലിം മദ്രസ അങ്കണത്തിനു സമീപം എസ്.എൻ.ഡി.പി യോഗം പുനർനിർമിച്ച ഗുരുമന്ദിരത്തിൽ ഗുരുവിഗ്രഹ പ്രതിഷ്ഠാകർമം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണ ഭീതി നിലനിൽക്കെ ശുചിത്വ ബോധനത്തിനായി രംഗത്തിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുരുവിഗ്രഹപ്രതിഷ്ഠാ സമ്മേളനം ഉദ്ഘാടനവും ഗുരുമന്ദിര സമർപ്പണവും എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി. വിഷ്‌ണുഭക്തൻ നിർവഹിച്ചു. ഗുരുമന്ദിര സമിതി ചെയർമാൻ ജി. വിജയൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തൻവീറുൽ ഇസ്ളാം അസോസിയേഷൻ ഇമാം അഷ്ഹറുദ്ദീൻ മൗലവി അനുഗ്രഹ പ്രഭാഷണവും ശാർക്കര ശ്രീനാരായണ ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ഡോ. ബി. സീരപാണി ഗുരു സന്ദേശ പ്രഭാഷണവും നടത്തി. യോഗം കൗൺസിലർ ഡി. വിപിൻരാജ് സംഘടനാസന്ദേശം നൽകി. യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, ഗുരുമന്ദിര സമിതി കൺവീനർ അഴൂർ ബിജു, വനിതാസംഘം യൂണിയൻ കോ - ഓർഡിനേറ്റർ രമണി ടീച്ചർ വക്കം, വൈസ് പ്രസിഡന്റ് ലതിക പ്രകാശ്, യൂണിയൻ കൗൺസിലർമാരായ സി. കൃത്തിദാസ്, ഡി. ചിത്രാംഗദൻ, കോട്ടപ്പുറം ശാഖാ യോഗം പ്രസിഡന്റ് എസ്. വിജയൻ, ജയൻ അഴൂർ, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി പ്രിയദർശൻ എന്നിവർ സംസാരിച്ചു.