തിരുവനന്തപുരം: സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതി നിർവഹണം പൂർത്തിയായത് ശരാശരി 47.77 ശതമാനം .അതേ സമയം, സർക്കാരിന്റെ വിവിധ വകുപ്പുകളുടെ പദ്ധതി നിർവഹണം 73.29 ശതമാനത്തിലെത്തി. കേന്ദ്രാവിഷ്കൃത പദ്ധതികളുടേത് 45.2 ശതമാനവും.
ട്രഷറികളിലെ കടുത്ത നിയന്ത്രണമാണ് പദ്ധതി നിർവഹണം അവതാളത്തിലാക്കിയതെന്ന് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ പറയുന്നു. മാസങ്ങളായുള്ള ട്രഷറി നിയന്ത്രണം നിമിത്തം കരാറുകാറിലൊരു വിഭാഗം പണിമുടക്കിയതോടെ മിക്കയിടത്തും നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചു. 50,000 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ പാസ്സാകാതിരുന്നതോടെ കരാറുകാർ പ്രവൃത്തികൾ തുടരാതായി. അഞ്ച് ലക്ഷം വരെയുള്ള ബില്ലുകൾ മാറി നൽകാമെന്ന ധനമന്ത്രിയുടെ ഉറപ്പും പാലിക്കപ്പെട്ടിട്ടില്ല. ബിൽ ഡിസ്കൗണ്ട് ചെയ്യാമെന്നാണ് പുതിയ വാഗ്ദാനം. ഇത് പ്രകാരം 90 ശതമാനം ബിൽ തുക ബാങ്കുകൾ നൽകും. ബാങ്കുകൾക്ക് സർക്കാർ പിന്നീട് തുക തിരിച്ചു നൽകണം. ഇതു സംബന്ധിച്ച സോഫ്ട്വെയർ തയ്യാറായിട്ടേ ഉള്ളൂ. പണം കിട്ടിത്തുടങ്ങിയിട്ടില്ലെന്ന് കരാറുകാർ പറയുന്നു.
കഴിഞ്ഞ വർഷം മാർച്ച് 23 ന് ശേഷം നൽകിയ ബില്ലുകൾ ക്യൂവിലേക്ക് മാറ്റിയിരുന്നു. ഏപ്രിൽ കഴിഞ്ഞാൽ പണം നൽകാമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ഈ പ്രവൃത്തികൾ സ്പിൽ ഓവർ ചെയ്യാമെന്ന് സർക്കാർ പറഞ്ഞു. ജൂണിലെ ഉത്തരവ് പ്രകാരം , പഴയ പ്രവൃത്തിയുടെ 20 ശതമാനം തുകയേ അനുവദിക്കൂ. ബാക്കി 80 ശതമാനം പുതിയ സാമ്പത്തിക വർഷത്തെ പദ്ധതിയിലുൾപ്പെടുത്തണം.ഇതോടെ ,നടപ്പുവർഷത്തെ വാർഷിക പദ്ധതിയുടെ തോതും കുറഞ്ഞു.
സംസ്ഥാന സർക്കാർ വിഹിതം നൽകാത്തതിനാൽ അമൃത് പോലുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളിൽ വകയിരുത്തിയ തുകയും ചെലവഴിക്കാനായിട്ടില്ല. ബാങ്കുകളിൽ പ്രത്യേകം സേവിംഗ്സ് അക്കൗണ്ടിൽ സൂക്ഷിക്കേണ്ട കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഫണ്ട് ട്രഷറിയിലേക്ക് മാറ്റിയതായും ആരോപണമുണ്ട്.