തിരുവനന്തപുരം : സ്പെയിനിൽ നിന്നെത്തിയ ശേഷം കൊറോണ സ്ഥിരീകരിച്ച ഡോക്ടർ തിരുവനന്തപുരം ശ്രീചിത്രയിൽ രോഗികളെ പരിശോധിച്ചത് ആശങ്ക സൃഷ്ടിച്ചിരിക്കെ,അവധിയിൽ പോയ ഡോക്ടറെ മടക്കി വിളിച്ചത് ഡെപ്യൂട്ടി ഡയറക്ടറാണെന്ന വിവരവും പുറത്ത്. മടങ്ങിയെത്തിയ ഡോക്ടർ കാത്ത് ലാബിൽ സർജറിയുടെ ഭാഗമാവുകയും ചെയ്തു.
ഇൗമാസം രണ്ടിന് സ്‌പെയിനിലെ ക്യാമ്പിൽ പങ്കെടുത്ത് തിരിച്ചെത്തിയ ഡോക്ടർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. തിരിച്ചെത്തിയതിന്റ പിറ്റേദിവസം ഇദ്ദേഹം ആശുപത്രിയിലെത്തിയെങ്കിലും തുടർന്ന് അവധിയെടുത്ത് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ആസ്മ രോഗം കൂടിയുള്ളതിനാലായിരുന്നു മുൻകരുതൽ. എന്നാൽ ഏഴാം തീയതി അഡ്മിനിസ്ട്രേഷൻ വിഭാഗം സീനിയൻ ഡെപ്യൂട്ടി ഡയറക്ടർ ഇദ്ദേഹത്തെ മടക്കിവിളിച്ചു. ഫെബ്രുവരി അവസാനം സ്‌പെയിനിൽ കുടുംബത്തോടൊപ്പം ഉല്ലാസയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഡെപ്യൂട്ടി ഡയറക്ടറാവട്ടെ, വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്ന തിരുവനന്തപുരം എയർപോർട്ടിലെ മെഡിക്കൽ സംഘത്തിന്റെ നിർദ്ദേശം ലംഘിച്ചാണ് ഡ്യൂട്ടിക്കെത്തിയതെന്നും ആരോപണമുണ്ട്. സ്‌പെയിനിൽ നിന്നെത്തിയ രണ്ടു പേരിൽ ഒരാൾ വീട്ടിൽ കഴിയുന്നതും, മറ്റൊരാൾ ആശുപത്രിയിൽ വരുന്നതും ജീവനക്കാർക്കിടയിൽ ചർച്ചയായതോടെയാണ് കൊറോണ സ്ഥിരീകരിച്ച ഡോക്ടറെ ഡെപ്യൂട്ടി ഡയറക്ടർ മടക്കിവിളിച്ചത്. ശ്രീചിത്രയുമായി ബന്ധപ്പെട്ട ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന കേന്ദ്ര സംഘം തെളിവെടുപ്പിന്
എത്തിയ സാഹചര്യത്തിലാണ് ,ഡെപ്യൂട്ടി ഡയറക്ടർ നിരീക്ഷണത്തിൽ കഴിയാതെ തിടുക്കപ്പെട്ട് ഡ്യൂട്ടിക്കെത്തിയതെന്നും ആരോപണമുണ്ട്.
ശ്രീചിത്ര അധികൃതർ
പറയുന്നത്:
കൊറോണ സ്ഥിരീകരിച്ച ഡോക്ടർ സ്‌പെയിനിൽ നിന്ന് മടങ്ങിയെത്തി രണ്ടാം തീയതി ആശുപത്രിയിലെ ഇൻഫെക്ഷൻ കൺട്രോൾ വിഭാഗവുമായി ബന്ധപ്പെട്ടു. അവിടെ നിന്നും ദിശയിലേക്ക് വിളിച്ചു. ഡോക്ടർക്ക് പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും ഇല്ലാത്തിനാൽ വീട്ടിൽ അഞ്ചു ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയെന്ന് അവർ അറിയിച്ചു.
അന്ന് സ്‌പെയിൻ ഹൈറിസ്ക് രാജ്യങ്ങളുടെ പട്ടികയിൽ ഇല്ലായിരുന്നു. ഏഴാം തീയതി ആശുപത്രിയിൽ മടങ്ങിയെത്തിയ അദ്ദേഹം രണ്ട് രോഗികളെ കണ്ടു.ആവശ്യമെങ്കിൽ അവധിയെടുക്കാനുള്ള അനുവാദം നൽകി. 11 നാണ് സ്‌പെയിൻ ഹൈറിസ്‌ക് പട്ടികയിൽപ്പെടുന്നത്. ഇതോടെ ജാഗ്രത കൂട്ടി. തുടർന്ന് ലക്ഷണങ്ങൾ ഇല്ലാതിരുന്നിട്ടും ഡോക്ടർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഡെപ്യൂട്ടി ഡയറക്ടർ സ്‌പെയിനിൽ നിന്ന് മടങ്ങിയെത്തിയ ശേഷം 10 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞു. അദ്ദേഹം ഡോക്ടറെ തിരികെ വിളിച്ചിട്ടില്ല.