ആറ്റിങ്ങൽ: മുദാക്കൽ ഗ്രാമ പഞ്ചായത്തിന്റെ 2020-21 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. 29,25,03,151 രൂപ വരവും 28,46,33,780 രൂപ ചെലവും 78,69,371 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുരളി അവതരിപ്പിച്ചു. ഉല്പാദന മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന ബഡ്ജറ്റാണിത്. ഇതിനായി 84,97,880 രൂപ നീക്കിവച്ചിട്ടുണ്ട്. കൂടാതെ സേവന മേഖലയ്ക്കായി 12,17,18,100 രൂപയും പശ്ചാത്തല മേഖലയ്ക്കായി 1,92,11.000 രൂപയും ബജറ്റിൽ നീക്കിവച്ചു.
രാവിലെ 10.30 ന് ആരംഭിച്ച ബജറ്റ് യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വിജയകുമാരി ആമുഖ പ്രസംഗം നടത്തി. ബജറ്റിൽ കാർഷിക മേഖലയ്ക്കും ഭവന നിർമ്മാണ മേഖലയ്ക്കും, മാലിന്യ നിർമ്മാർജ്ജനത്തിനും മുന്തിയ പരിഗണന നല്കുന്നതോടൊപ്പം എല്ലാ മേഖലകൾക്കും അർഹിക്കുന്ന പ്രധാന്യം നൽകിയിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. മൃഗസംരക്ഷണം ഉപജീവനമായി സ്വീകരിച്ച കർഷകർക്ക് കൈത്താങ്ങാകുന്ന തരത്തിലുള്ള പ്രത്യേക കന്നുക്കുട്ടി പരിപാലനം, കറവപ്പശുക്കൾക്ക് കാലിത്തീറ്റ, ക്ഷീര സമൃദ്ധി തുടങ്ങിയ പദ്ധതികൾക്കും ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരെ കൈ പിടിച്ചുയർത്തുന്ന പദ്ധതികൾക്കും പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കായുള്ള ഭവന പദ്ധതികൾക്കും വയോജനങ്ങൾക്കായുള്ള പ്രത്യേക പ്രോജക്റ്റുകൾക്കും ബഡ്ജറ്റിൽ തുക വകകൊള്ളിച്ചിട്ടുണ്ട്.