വെഞ്ഞാറമൂട്: ജീവനുമായി പായുന്ന ജീവനക്കാർ ശമ്പളമില്ലാതെ ദുരിതത്തിൽ.108 ആംബുലൻസ് ജീവനക്കാരുടെ ജീവിതമാണ് ശമ്പളം ലഭിക്കാതെ വഴി മുട്ടി നിൽക്കുന്നത്. രണ്ടും മൂന്നും മാസം കഴിയുമ്പോൾ മാത്രമാണ് ഇവർക്ക് ഒരു മാസത്തെ ശമ്പളം ലഭിക്കുന്നത്. ദൈനംദിന ചിലവുകൾക്കോ ഭക്ഷണത്തിനോ പോലും പണമില്ലാതെ ദുരിതത്തിലാണിവർ.
കൊറോണ വ്യാപന പശ്ചാത്തലത്തിൽ വിശ്രമമില്ലാതെ പണിയെടുക്കുമ്പോഴും കൃത്യമായി വേതനം ലഭിക്കാത്തതിന്റെ മനോവിഷമത്തിലാണിവർ. വേതനം ലഭിക്കാതെ വൻ ജീവിത പ്രതിസന്ധിയാണ് ഡ്രൈവർമാരും, നഴ്സുമാരുമടങ്ങുന്ന ജീവനക്കാർ നേരിടുന്നത്. അധികൃതർക്ക് പരാതി നൽകിയും. ജില്ലാ കളക്ടർ ഇടപെട്ടുമാണ് ഓരോ മാസവും വേതനം കൈപ്പറ്റുന്നതെന്ന് ജീവനക്കാർ പറയുന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫെബ്രുവരിയിലെ വേതനവും മുടങ്ങിയിരിക്കുകയാണ്. സമൂഹം നേരിടുന്ന പ്രതിസന്ധി ജീവനക്കാർ മനസിലാക്കുമ്പോഴും സ്വന്തം വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങളും, ലോൺ, വീടിന്റെ വാടക, മുതലായ പ്രശ്നങ്ങൾ ഞങ്ങൾക്കുമുണ്ടെന്ന് ഇവർ പറയുന്നു. ആംബുലൻസ് ഒരു ആവശ്യ സർവീസ് ആയതിനാൽ സമരമുഖത്തേക്ക് ഇറങ്ങാനോ, ജോലിയിൽ കയറാതെ മാറിനിൽക്കാനോ ജീവനക്കാർക്ക് കഴിയില്ല. ആരോഗ്യരംഗത്തെ ഇപ്പോഴത്തെ അവസ്ഥയിൽ ശബളത്തിന്റെ പേരിൽ മാറി നിൽക്കാൻ കഴിയാത്ത സാഹചര്യവുമാണെന്നും ഇവർ പറയുന്നു. വേതനം മുടങ്ങാതെ ലഭിക്കാൻ അധികൃതരുടെ കനിവിനായി കാത്തിരിക്കുകയാണ് കനിവ് 108 ലെ ജീവനക്കാർ.