വെഞ്ഞാറമൂട്: വാമനപുരം സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘ‍ർഷത്തിൽ 10 പേർക്കെതിരെ വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു. സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകരും മാദ്ധ്യമ പ്രവർത്തകരുമടക്കം എട്ടുപേർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 9ന് വാമനപുരം ഗവ. യു.പി സ്‌കൂളിൽ ആരംഭിച്ച തിരഞ്ഞെടുപ്പ് നടപടികൾ 11.30ഓടെ ജില്ലാ കളക്ടർ ഇടപെട്ട് തടഞ്ഞിരുന്നു. 6098 വോട്ടുകളുള്ള ഇവിടെ അപ്പോഴേക്കും 1340 വോട്ടുകൾ രേഖപ്പെടുത്തി. കൊറോണ ഭീതിയിൽ ഈ മാസം 31വരെ എല്ലാ പരിപാടികളും മാറ്റിവച്ച സർക്കാർ ഉത്തരവ് അവഗണിച്ചാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പി പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് കളക്ടർ തിരഞ്ഞെടുപ്പ് നിറുത്തിവച്ചത്. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായി കളക്ടർ ഉത്തരവിറക്കുകയും ചെയ്‌തു. വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെയാണ് സി.പി.എം - കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടിയത്. വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കുകയായിരുന്നു.