depo

വെഞ്ഞാറമൂട്: കൊറോണ ഭീതിയിൽ വെഞ്ഞാറമൂട് പ്രദേശത്തെ പൊതുഗതാഗത മേഖല സ്തംഭനത്തിൽ. കെ.എസ്.ആർ.ടി.സി വെഞ്ഞാറമൂട് ഡിപ്പോയുടെ ദിവസവരുമാനം കുത്തനെ കുറഞ്ഞു. ഞായറാഴ്ച 25 ഓളം സർവീസുകൾ മാത്രമാണ് നടന്നത്. പതിവ് സർവീസുകൾ പൂർണമായും റദ്ദാക്കിയില്ലെങ്കിലും തിങ്കളാഴ്ചയും ബസുകളിൽ ആളില്ലാത്ത അവസ്ഥയാണ്. പലതും സിംഗിൾ ഡ്യൂട്ടിയായി അവസാനിപ്പിക്കേണ്ടി വരുമെന്ന് ഡിപ്പോ അധികൃതർ പറയുന്നു. ശരാശരി ആറു ലക്ഷത്തോളം രൂപ വരുമാനം ഉണ്ടായിരുന്ന ഡിപ്പോയിൽ ഞായറാഴ്ച ലഭിച്ചത് നാലു ലക്ഷത്തിൽ താഴെയാണ്. മികച്ച കളക്ഷൻ ലഭിച്ചിരുന്ന വെഞ്ഞാറമൂട് ബൈപാസ് - കിഴക്കേകോട്ട റൂട്ടിൽ വരുമാനം നാലിലൊന്നായി ചുരുങ്ങി.

ദീർഘദൂര സർവീസുകളുടെ അവസ്ഥയും വ്യത്യസ്ഥമല്ല. കൊറോണ വ്യാപന പശ്ചാത്തലത്തിൽ ആവശ്യത്തിന് മാസ്കോ കൈയുറകളോ ലഭിക്കാത്തതുമൂലം ജീവനക്കാരും ദുരിതത്തിലാണ്. ഏറെ തിരക്കുള്ള വെഞ്ഞാറമൂട് ഡിപ്പോ ഞായറാഴ്ച വിജനമായിരുന്നു. യാത്രക്കാർ കുറവാണെങ്കിലും എല്ലാ ദിവസവും അണുനാശിനി ഉപയോഗിച്ച് ബസുകൾ വൃത്തിയാക്കിയ ശേഷമേ ജീവനക്കാർ സർവീസ് നടത്താറുള്ളു.