ആറ്റിങ്ങൽ: കൊറോണ വൈറസിനെതിരെ ആരോഗ്യ വകുപ്പിന്റെ ബ്രേക്ക് ദി ചെയിൻ പദ്ധതിക്ക് ആറ്റിങ്ങലിൽ തുടക്കമായി. സർക്കാരിന്റെ അറിയിപ്പ് ഉണ്ടായി മണിക്കൂറുകൾക്കുള്ളിലാണ് നഗരസഭ ഓഫീസ്, വലിയകുന്ന് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ വാഷ് ബെയ്സിനും പൈപ്പ് കണക്ഷനും സ്ഥാപിച്ച് സാനിട്ടനൈസ് സംവിധാനം ഒരുക്കിയത്. പദ്ധതി എല്ലാ ഭാഗങ്ങളിലും എത്തിക്കുന്നതിനായി കുടുംബശ്രീയും രംഗത്തുണ്ട്.
17ന് വൈകിട്ട് 5ന് കുടുംബശ്രീ സി.ഡി.എസിന്റെയും 18ന് വൈകിട്ട് വാർഡ് അടിസ്ഥാനത്തിലും എല്ലാ എ.ഡി.എസിന്റെയും യോഗം നടക്കും. 19, 20, 21 തീയതികളിൽ 286 അയൽക്കൂട്ടങ്ങളുടെയും യോഗം നടക്കും. കൈകഴുകൽ ഉൾപ്പെടെയുള്ള സാനിട്ടറൈസ് സംവിധാനത്തെക്കുറിച്ച് വിശദീകരിക്കും. എല്ലാ യോഗങ്ങളും 10 മിനിട്ടിനുള്ളിൽ പൂർത്തീകരിക്കാനാണ് പദ്ധതി. ആശാവർക്കർമാരുടെയും വലിയകുന്ന് ആശുപത്രി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ആരോഗ്യ പ്രവർത്തകരുടെ യോഗം ഇന്ന് വൈകിട്ട് 5ന് നഗരസഭ ഓഫീസിൽ നടക്കും.
നഗരസഭാ ഓഫീസിൽ ആരംഭിച്ച സാനിട്ടറൈസ് സംവിധാനത്തിന്റെ ഉദ്ഘാടനം ചെയർമാൻ എം. പ്രദീപ് നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എസ്. ജമീല, അവനവഞ്ചേരി രാജു, പ്രതിപക്ഷ നേതാവ് എം. അനിൽകുമാർ, സെക്രട്ടറി എസ്. വിശ്വനാഥൻ, ഹെൽത്ത് സൂപ്പർവൈസർ അജയകുമാർ എന്നിവർ സംസാരിച്ചു. ഇന്നുമുതൽ നഗരസഭ ഓഫീസിൽ കർശന നിയന്ത്രണത്തോടെയാണ് ജീവനക്കാർക്ക് ഉൾപ്പെടെ പ്രവേശനം നൽകുന്നതെന്ന് ചെയർമാൻ പറഞ്ഞു.