local-news-

തിരുവനന്തപുരം: കൊറോണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ. വിദേശ വിനോദസഞ്ചാരികൾ ഏറ്റവും കൂടുതലെത്തുന്ന കോവളത്ത് ഹോട്ടലുകൾ പലതും അടച്ചിടുകയാണ്. അവശേഷിക്കുന്ന സഞ്ചാരികൾ ഹോട്ടലുകളിൽ നിന്നും പുറത്തിറങ്ങുന്നില്ല. ആരോഗ്യവകുപ്പിന്റെ നിർദ്ദേശ പ്രകാരം മുറികൾക്കുള്ളിലും ഹോട്ടൽ വളപ്പിലുമായി കഴിയുകയാണ് ഇവർ. മാർച്ചോടെ സീസണിലെ സഞ്ചാരികളുടെ തിരക്ക് കുറയുമെങ്കിലും മേയ് വരെ കോവളം തീരം സജീവമായിരിക്കും. വാടകയ്‌ക്ക് ഹോട്ടലും റെസ്റ്റോറന്റുമൊക്കെ നടത്തുന്നവർക്കാണ് കൊറോണ ഭീഷണി തിരിച്ചടിയായത്. ഉത്സവങ്ങൾ കാണുന്നതിനാണ് മാർച്ച്,​ ഏപ്രിൽ മാസങ്ങളിൽ സഞ്ചാരികളെത്തുന്നത്.

സർക്കാർ നിർദ്ദേശപ്രകാരം ഇത്തവണ ഉത്സവങ്ങളുടെ പേരിലുള്ള ആഘോഷങ്ങൾ ഒഴിവാക്കുകയായിരുന്നു. ജില്ലയിലെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളായ പൊന്മുടിയിലും വേളിയിലും സന്ദർശകൾ തീരെ കുറവാണ്.

 അതിഥികളോട് മര്യാദ കാണിക്കണം: മന്ത്രി കടകംപള്ളി

കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ വിദേശ സഞ്ചാരികളെ അപമാനിക്കുന്ന സമീപനം പാടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അവർ അതിഥികളാണ്,​ അല്ലാതെ രോഗം പരത്താൻ വന്നവരായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിദിന നഷ്ടം മൂന്ന് കോടി

കോവളത്തെ ടൂറിസം സ്ഥാപനങ്ങൾ അടച്ചിടുന്നതോടെയുണ്ടാകുന്ന പ്രതിദിന വരുമാന നഷ്ടം മൂന്നു കോടിയിലേറെയാണ്. രണ്ട് ഫൈവ് സ്റ്റാർ ഹോട്ടലുകളും ഒരു ഫോർ സ്റ്റാർ ഹോട്ടലും നാല് ത്രീ സ്റ്റാർ ഹോട്ടലുകളും നിരവധി ആയൂർവേദ റിസോർട്ടുകളും കോവളത്തുണ്ട്. കൊറോണ ടൂറിസം മേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

- ജി. സുധീഷ്‌കുമാർ,​ രക്ഷാധികാരി,​ കേരള

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ