വിതുര: കടുത്ത വേനലിൽ കാട്ടിലെ അരുവികളും ചെറിയ തടാകങ്ങളും വറ്റിവരണ്ടതോടെ വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലിറങ്ങി ഭീതി പരത്തുന്നു. രണ്ടാഴ്ചയിലധികമായി വിതുര, തൊളിക്കോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ ജനങ്ങൾ ആനപ്പേടിയിലാണ് കഴിയുന്നത്. ചൂടു കാരണം വനത്തിലെ ഈറ്റയും മറ്റും ഉണങ്ങി, നീർച്ചാലുകൾ വറ്റിയതോടെയാണ് ആനകൾ കൂട്ടത്തോടെ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത്. ഇവ കൃഷി നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. പ്രദേശത്തെ ടാപ്പിംഗ് തൊഴിലാളികളും ഭീതിയിലാണ്. പെരിങ്ങമ്മല, വിതുര പഞ്ചായത്തുകളുടെ അതിർത്തികളിൽ കാട്ടാനകൾ സ്ഥിരം എത്താറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അടുത്തകാലത്ത് കല്ലാർ മേഖലയിൽ രണ്ട് പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. പേപ്പാറ ഡാമിലും വൃഷ്ടിപ്രദേശത്തും പകൽ സമയത്തും കാട്ടാനകൾ വെള്ളം കുടിക്കാൻ എത്താറുണ്ട്. വാമനപുരം നദിയും കാട്ടാനകളുടെ ആശ്രയ കേന്ദ്രമായിട്ടുണ്ട് ആനയെ കൂടാതെ കാട്ടുപോത്തും പന്നിയും ഇൗ മേഖലയിൽ നാശം വിതയ്ക്കുന്നുണ്ട്. അടുത്തിടെ പന്നിയുടെ കുത്തേറ്റ് രണ്ടുപേർ ചികിത്സ തേടിയിരുന്നു. തെങ്ങ്, വാഴ, മരച്ചീനി, റബർ, പച്ചക്കറി കൃഷികൾ വ്യാപകമായി നശിപ്പിച്ചു. ആനകൾക്ക് മുന്നിൽപ്പെടുന്നതോടെ പല ദിവസങ്ങളിലും കെ.എസ്.ആർ.ടി.സി ബസ് സർവീസ് മണിക്കൂറുകളോളം വെെകാറുണ്ട്.