കോവളം: അടിമലത്തുറ തിരയിൽപ്പെട്ട് മരിച്ച മൂന്ന് വിദ്യാർത്ഥിനികളിൽ പ്ലസ്ടുവിന് പഠിക്കുന്ന കോട്ടുകാൽ പുന്നക്കുളം എസ്.എം വീട്ടിൽ കാഞ്ഞിരംകുളം സ്റ്റേഷനിലെ പൊലീസുകാരനായ ഷമ്മിയുടെയും മായയുടെയും മകളായ ഷാരുവിന്റെ (17) മൃതദേഹം സംസ്‌കരിച്ചു. സഹപാഠിയുടെ വിയോഗമറിഞ്ഞെത്തിയ കോട്ടുകാൽ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനികളുടെ പൊട്ടിക്കരച്ചിൽ നാട്ടുകാരെയും കണ്ണീരിലാഴ്ത്തി. ഇന്നലെ രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമാർട്ടം നടത്തി, ഉച്ചയ്ക്ക് ഒരുമണിയോടെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിനുശേഷം വീട്ടുവളപ്പിൽ സംസ്‌കരിക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് 4 മണിയോടെയാണ് ഷാരുവിന്റെ മൃതദേഹം സൗത്ത് തുമ്പ കടലിൽ മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയത്. 13 ന് ഉയോടെയാണ് ഷാരു ഉൾപ്പെടെ മൂന്ന് വിദ്യാർഥിനികളെ കടലിൽ കാണാതായത്. കിടാരക്കുഴി ഇടിവിഴുന്നവിളയ്ക്കടുത്ത് വട്ടവിള വീട്ടിൽ
പരേതനായ സുരേന്ദ്രൻ ഇന്ദു ദമ്പതികളുടെ മകളായ നിഷ (20), കോട്ടുകാൽ പുന്നവിള റോഡരികത്ത് വീട്ടിൽ നെയ്യാറ്റിൻകര ഗവ: പോളിടെക്നിക് ജീവനക്കാരനായ വിജയന്റെയും ശശികലയുടെയും മകളായ ശരണ്യ (20) എന്നിവരാണ് ഷാരുവിനൊപ്പം തിരയിൽപ്പെട്ട് മരിച്ചത്. രണ്ടുപേരുടെയും മൃതദേഹം അടിമലത്തുറ കടലിൽ നിന്ന് കണ്ടെടുക്കുകയും രണ്ട് ദിവസങ്ങളിലായി വീട്ടുവളപ്പിൽ സംസ്‌കരിക്കുകയും ചെയ്തിരുന്നു. ഷാരുവിന്റെ സഹോദരൻ വിഷ്ണുലാൽ കോട്ടുകാൽ ഗവ.വി.എച്ച്.എസ്. എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. എം.വിൻസെന്റ് എം.എൽ.എ, കോട്ടുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി.ടി, വൈസ് പ്രസിഡന്റ് ബിനു.ടി.എസ്, സി.പി.എം. കോവളം ഏരിയാകമ്മിറ്റി സെക്രട്ടറി പി.എസ്. ഹരികുമാർ, ഗ്രാമപഞ്ചായത്തംഗം സജി, വിവിധ രാഷ്ടീയ സാമൂഹ്യസംഘടനകൾ, കാഞ്ഞിരംകുളം സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഷാരുവിന്റെ സംസ്‌കാരത്തിൽ സംബന്ധിച്ചു.