തിരുവനന്തപുരം: വെള്ളായണി ദേവീക്ഷേത്രത്തിൽ മൂന്ന് വർഷത്തിലൊരിക്കൽ നടക്കുന്ന കാളിയൂട്ട് ഉത്സവത്തിന്റെ ഭാഗമായ കോലിയക്കോട് ദിക്കുബലി,​ കച്ചേരിനട എഴുന്നള്ളിപ്പ് എന്നിവ ആഘോഷങ്ങളില്ലാതെ ആചാരപരമായ ചടങ്ങുകളോടെ മാത്രം നടത്താൻ തീരുമാനം. കൊറോണ രോഗബാധയുടെ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് ആളു കൂടാത്ത രീതിയിൽ ചടങ്ങുകൾ നടത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു പറഞ്ഞു. പള്ളിച്ചൽ,​ കല്ലിയൂർ,​ പാപ്പനംകോട് ദിക്കുബലികൾക്ക് ശേഷം അവസാനത്തേതായ കോലിയക്കോട് ദിക്കുബലി നാളെ​ പുലർച്ചെയാണ് നടക്കുക. 22നാണ് കച്ചേരിനട എഴുന്നള്ളിപ്പ്. ഈ ചടങ്ങുകൾക്ക് ആളുകൂടരുതെന്ന് ക്ഷേത്രകമ്മിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. ദിക്കുബലിക്ക് ശേഷമുള്ള വീടുകളിലെ നിറപറയ്ക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കരുതെന്നും നിർദ്ദേശമുണ്ട്. ഉത്സവത്തിന്റെ ഭാഗമായുള്ള അന്നദാനവും കലാപരിപാടികളും നിലവിൽ നിറുത്തിവച്ചിരിക്കുകയാണ്. ചടങ്ങുകൾ മുടക്കാൻ സാധിക്കാത്തതിനാൽ പരമാവധി ആളുകളെ കുറച്ച് ആചാരപരമായി മാത്രമാണ് ഉത്സവം നടത്തുന്നതെന്ന് ഉത്സവകമ്മിറ്റി കൺവീനർ ഊക്കോട് അനിൽ പറഞ്ഞു. ഇന്നലെ വൈകിട്ട് നടക്കേണ്ടിയിരുന്ന ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുക്കുന്ന 'കളങ്കാവൽ" ആളുകളെ കുറയ്ക്കുന്നതിനായി പ്രചാരണങ്ങളില്ലാതെ ഇന്നലെ രാവിലെയാണ് ക്ഷേത്രത്തിൽ നടത്തിയത്.