തിരുവനന്തപുരം: നേമം ശാന്തിവിള താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാർ ഉൾപ്പെടെ കൂടുതൽ ജീവനക്കാരെ നിയമിക്കാനും മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ ഉറപ്പാക്കാനും സർക്കാർ ഉടൻ നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. രോഗികൾക്ക് ശരിയായ ചികിത്സ ലഭിക്കുന്നതിന് അധികൃതർ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് സമർപ്പിച്ച പദ്ധതി രൂപരേഖ ആരോഗ്യവകുപ്പ് സെക്രട്ടറി ഉടൻ അംഗീകരിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.
ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും ആരോഗ്യവകുപ്പ് ഡയറക്ടർക്കുമാണ് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശം നൽകിയത്. ഇവിടെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറുടെ തസ്തിക നിലവിലില്ല. എൻ.എച്ച്.എമ്മിൽ നിന്ന് ഉൾപ്പെടെ 11 ഡോക്ടർമാർ അത്യാഹിത വിഭാഗത്തിൽ ഉൾപ്പെടെ 24 മണിക്കൂറും ജോലി ചെയ്യുന്നുണ്ട്. ഒരു ഗൈനക്കോളജിസ്റ്റിന്റെ തസ്തിക ലഭ്യമാണെങ്കിലും അനസ്‌തേഷ്യ, ഫിസിഷ്യൻ, പീഡിയാട്രീഷ്യൻ, സർജൻ തുടങ്ങിയ തസ്തികകൾ നിലവിലില്ല. ഓപ്പറേഷൻ തിയേറ്റർ സൗകര്യവുമില്ല. താലൂക്ക് ആശുപത്രി നിലവാരത്തിൽ ജീവനക്കാരുടെ തസ്തിക സൃഷ്ടിച്ചാലേ പരാതികൾ പരിഹരിക്കാൻ കഴിയുകയുള്ളൂവെന്ന് ആരാഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചു.
താലൂക്ക് ആശുപത്രിയായി ഉയർത്തിയെങ്കിലും ജീവനക്കാർ ലഭ്യമല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ സമ്മതിച്ചു. ലിഫ്റ്റിന്റെ പണി പൂർത്തിയായാൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ മൂന്നാംനില ഉപയോഗിക്കാനാവും. ഗൈനക്കോളജി, ഡയാലിസിസ്, ട്രോമോകെയർ എന്നിവ സ്ഥാപിക്കാനുള്ള പ്രൊപ്പോസലുകൾ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്.