തിരുവനന്തപുരം: കണ്ണൂരിലെ മാലൂർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരുടെ സൗജന്യ ആർമി റിക്രൂട്ട്‌മെന്റ് പരിശീലനത്തിലൂടെ പ്രദേശവാസികളായ എട്ട് യുവാക്കൾക്ക് ഇന്ത്യൻ സേനയിൽ ജോലി. രണ്ടര മാസം നീണ്ട പരിശീലന ക്ലാസുകളിലൂടെയാണ് ഇവർ ഇന്ത്യൻ സേനയിൽ ജോലി നേടിയത്.
സ്റ്റേഷന് സമീപത്തെ സ്‌കൂൾ ഗ്രൗണ്ടിൽ എല്ലാദിവസവും രാവിലെ അഞ്ചു മുതൽ ഏഴ് വരെയായിരുന്നു ശാരീരിക പരിശീലനം. ജനമൈത്രി ബീറ്റ് ഓഫീസർമാരായ രഞ്ജിത്ത് കുമാർ, കെ.പ്രജോത്, മോട്ടിവേഷൻ ട്രെയിനർ കൂടിയായ സീനിയർ സിവിൽ പൊലീസ് ഓഫീസർ രാജീവൻ.ടി വേങ്ങോട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. ഉദ്യോഗാർത്ഥികൾക്ക് ചിട്ടയായ ശാരീരിക പരിശീലനം നൽകുന്നതിന് ഫിസിക്കൽ ട്രെയിനറായ സി.എം.നിധിൻ തോലാമ്പ്രയുടെ സേവനവും ലഭ്യമാക്കിയിരുന്നു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിർദ്ധന കുടുംബങ്ങളിലെ അംഗങ്ങളായ ചെറുപ്പക്കാരാണ് പൊലീസിന്റെ ജനക്ഷേമ പരിശീലന പരിപാടിയിലൂടെ ജോലിനേടിയത്. തുടക്കത്തിൽ 60 പേരോളമുണ്ടായിരുന്നെങ്കിലും പരിശീലനം കഠിനമായതോടെ പലരും നിറുത്തിപ്പോയി. അവസാനം വരെ പരിശീലനത്തിനെത്തിയിരുന്ന 32 പേരിൽ 19 പേർക്കും സൈന്യത്തിന്റെ ഫിസിക്കൽ, മെഡിക്കൽ പരിശോധനകൾ പാസാകാൻ കഴിഞ്ഞെങ്കിലും എഴുത്തുപരീക്ഷ കൂടി വിജയിച്ച് ജോലി സ്വന്തമാക്കാനായത് എട്ട് പേർക്കാണ്. ഉദ്യോഗാർത്ഥികളെ എഴുത്തുപരീക്ഷയ്ക്കുളള തയ്യാറെടുപ്പിനും പൊലീസ് സഹായിച്ചു. സൈന്യത്തിന്റെ എഴുത്തുപരീക്ഷയുടെ മാതൃകയിൽ ചോദ്യാവലി തയ്യാറാക്കി, മാതൃകാപരീക്ഷ നടത്തി ആത്മവിശ്വാസം നൽകി. സൈന്യത്തിൽ ജോലി ലഭിച്ചവർക്കായി സ്റ്റേഷനിൽ അനുമോദന ചടങ്ങും സംഘടിപ്പിച്ചു.
മേയിൽ കണ്ണൂരിൽ നടക്കുന്ന ആർമി റിക്രൂട്ട്‌മെന്റ് റാലിയിലേക്കുളള സൗജന്യ ഫിസിക്കൽ, മെന്റൽ പരിശീലനത്തിന്റെ രജിസ്‌ട്രേഷൻ തുടങ്ങിയിട്ടുണ്ട്. 9447400578 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യാം.