മലയിൻകീഴ് :ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം ഡി.വൈ.എഫ്.ഐ മലയിൻകീഴ് മേഖലാ മുൻ സെക്രട്ടറി അക്ഷയ്‌യുടെ (23) വീടിന് നേരെ ആക്രമണം നടത്തി. വാതിലിലും ജനലിലും വാൾ കൊണ്ട് വെട്ടി. ഞായറാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം.
സംഘത്തിലെ രണ്ട് പേർ വീടിന് മുന്നിലെത്തി ആദ്യം അക്ഷയെ വിളിച്ചു.പിന്നീട് അക്ഷയ് യുടെ മാമൻ ബിജുവിനെ വിളിച്ചു.എന്നാൽ ഇരുവരും വീട്ടിലുണ്ടായിരുന്നില്ല.ബഹളം കേട്ട് സമീപവാസികളെത്തിയപ്പോഴേക്കും സംഘം ബൈക്കുകളിൽ രക്ഷപ്പെട്ടിരുന്നു. മലയിൻകീഴ് സി.ഐഅനിൽകുമാറിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ആക്രമണം സി.പിഎമ്മിലെ മൂന്ന് നേതാക്കളുടെ അറിവോടെയാണെന്നാണ് അക്ഷയ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. അടുത്തിടെ പാർട്ടി അക്ഷയ്ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. വിവാഹം നിശ്ചയിച്ചിരുന്ന യുവതിയുമായി അക്ഷയ് പ്രണയം തുടരുന്നുവെന്ന് ആരോപിച്ചാണ് പാർട്ടി ചുമതലകളിൽ നിന്ന് അക്ഷയെ മാറ്റിയത്. എന്നാൽ, ഇതൊന്നുമല്ല പാർട്ടിക്കു നിരക്കാത്ത കാര്യങ്ങൾ തന്നെയും സഹപ്രവർത്തകരെയും ഉപയോഗിച്ച് ചെയ്യിക്കുന്നുവെന്നാണ് അക്ഷയ് പറയുന്നത്. പാർട്ടിക്കുള്ളിലെ ചേരിപ്പോരാണ് ഇപ്പോഴത്തെ ആക്രമണത്തിന് കാരണം. ഇനിയും ആക്രമണമുണ്ടായാൽ പ്രസ് മീറ്റ് വിളിച്ച് വിവരങ്ങളെല്ലാം വെളിപ്പെടുത്തുമെന്നും പാർട്ടി ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവരെ നേരത്തെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയിട്ടുള്ളതായും അക്ഷയ് പറഞ്ഞു. പൊലീസിൽ നൽകിയ പരാതിയിൽ വീട് ആക്രമണത്തിന് പിന്നിലുള്ളവരുടെ പേരുവിവരങ്ങളുണ്ട്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.