കാട്ടാക്കട: കൊറോണ പേടിയിൽ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞത് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഇരുട്ടടിയായി. യാത്രക്കാരില്ലാത്തതിനാൽ കാട്ടാക്കട, വെള്ളനാട്, ആര്യനാട് ഡിപ്പോകളിൽ ദിവസേന നിരവധി ഷെഡ്യൂളുകൾ റദ്ദാക്കുന്നതിനാൽ ഒരുപാട് ജീവനക്കാർ ജോലിയില്ലാതെ മടങ്ങേണ്ട സ്ഥിതിയാണുള്ളത്.
ഷെഡ്യൂൾ ഉള്ള സ്ഥിരം ജീവനക്കാരുടെ ഡ്യൂട്ടി റദ്ദാക്കുമ്പോൾ അവർക്ക് താത്കാലിക ജീവനക്കാരുടെ ഡ്യൂട്ടി നൽകേണ്ടി വരുന്നത് കാരണം എംപാനൽ ജീവനക്കാർക്ക് ജോലി ഇല്ലാതാവുകയാണ്. ഡ്യൂട്ടിക്ക് വന്ന് പോകാൻ എംപാനൽ ജീവനക്കാർക്ക് പാസ് നൽകിയിട്ടില്ല. ഷെഡ്യൂളുകൾ റദ്ദാക്കുന്നതോടെ കണ്ടക്ടർക്കും ഡ്രൈവർമാർക്കുമാണ് ജോലി ഇല്ലാതാകുന്നത്. അതേസമയം മെക്കാനിക്, മിനിസ്റ്റീരിയൽ ജീവനക്കാർക്ക് ഡ്യൂട്ടിക്കുറവോ ശമ്പളക്കുറവോ ഇല്ല. ധാരാളം യാത്രക്കാർ കയറിയിറങ്ങുന്ന ബസുകളിലെ ജീവനക്കാർക്ക് യാതൊരു ആരോഗ്യ സുരക്ഷയുമില്ല. ആര്യനാട് ഡിപ്പോയിൽ 35 ഓളം ഷെഡ്യൂളുകളുണ്ടെങ്കിലും ഇക്കഴിഞ്ഞ ശനിയും ഞായറും 19 എണ്ണം മാത്രമാണ് സർവീസ് നടത്തിയത്. കാട്ടാക്കടയിലും വെള്ളനാട്ടും പകുതിയോളം സർവീസുകൾ നടത്താനായില്ല. ഗ്രാമപ്രദേശങ്ങളിലേക്കും സെറ്റിൽമെന്റ് ഭാഗത്തേക്കുമുള്ള സർവീസുകളാണ് റദ്ദാക്കുന്നത്. സമാന്തര സർവീസുകൾ പോലുമില്ലാത്ത ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്കുള്ള സർവീസുകൾ നിറുത്തുന്നത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. വരുമാനത്തിലെ കുറവ് കെ.എസ്.ആർ.ടി.സിയെ കടുത്ത പ്രതിസന്ധിയിലാക്കിയതിനാൽ ശമ്പളം താമസിക്കുമോ എന്ന ആശങ്കയിലാണ് ജീവനക്കാർ. യാത്രക്കാരുമായി അടുത്ത ബന്ധം പുലർത്തുന്ന കണ്ടക്ടർമാർക്ക് വേണ്ടത്ര മാസ്കോ, കൈയുറയോ, സോപ്പോ നൽകുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഏതെങ്കിലും ഏജൻസികൾ ഡിപ്പോകളിൽ പ്രതിരോധ വസ്തുക്കൾ നൽകിയാൽ സോണൽ ഓഫീസിൽ നൽകണമെന്ന നിർദ്ദേശവും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.