മലയിൻകീഴ് : കെ.എസ്.ഇ.ബി. ഇലവൻ കെ.വി ലൈൻ വലിയ്ക്കുന്നതിനെതിരെ പേയാട് അലേറ്റി എ.വി.എൻ റസിഡന്റ്സ് അസോസിയേഷൻ അധികൃതർക്ക് പരാതി നൽകി. പേയാട് അലേറ്റി കാർമ്മൽ സ്കൂൾ റോഡിൽ നിലവിലുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റ് മാറ്റി പകരം ലെവൻ കെ.വി.ലൈൻ കടന്ന് പോകുന്നതിനുള്ള പോസ്റ്റുകൾ സ്ഥാപിക്കാനെത്തിയപ്പോഴാണ് പ്രതിഷേധവുമായി അസോസിയേഷൻ ഭാരവാഹികളും നാട്ടുകാരും രംഗത്തെത്തിയത്. വീടിന് മുകളിലൂടെ ഇലവൻ കെ.വി.ലൈൻ കടന്നു പോകുന്നത് അപകടത്തിന് കാരണമാകുമെന്നും അതിനാൽ ലൈൻ മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. എന്നാൽ വീടുകൾക്ക് യാതൊരുവിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകാതെ പുതിയ സംവിധാനം ഉണ്ടാക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനിയർ വില്യം വിനയൻരാജ് ഉറപ്പ് നൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്. വിളപ്പിൽ പഞ്ചായത്ത് അംഗം സുഷമ, അസോസിയേഷൻ പ്രസിഡന്റ് വിളപ്പിൽ ചന്ദ്രൻ, സെക്രട്ടറി പ്രവീൺ എന്നിവരുടെ നേതൃത്വത്തിലാണ് അധികൃതർക്ക് പരാതി നൽകിയത്.