തിരുവനന്തപുരം: ആരെയും വലയ്ക്കാതെ എസ്.എസ്.എൽ.സി സോഷ്യൽ സയൻസ് പരീക്ഷയുടെ ചോദ്യങ്ങൾ. പതിവിൽ നിന്ന് വ്യത്യസ്തമായി പാഠപുസ്തകത്തിന് കൂടുതൽ ഊന്നൽ നൽകുന്നതായിരുന്നു ചോദ്യങ്ങൾ. പാഠപുസ്തകം പഠിച്ചു പോകുന്നവർക്ക് മുഴുവൻ മാർക്കും നേടാനാകും. എ പ്ലസ് പ്രതീക്ഷിക്കുന്നവർക്ക് അത് നേടാൻ പ്രയാസമാകില്ല. അതേസമയം, ശരാശരിക്കാരും അതിന് താഴെയുള്ളവരും നിരാശരാകേണ്ടി വരില്ലെന്നും മികച്ച സ്‌കോർ നേടാൻ കഴിയുമെന്നും അദ്ധ്യാപകർ പറയുന്നു.
ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, സോഷ്യോളജി വിഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി 80 മാർക്കിന്റെതാണ് ചോദ്യപേപ്പർ. ആകെ 25 ചോദ്യങ്ങൾ. എല്ലാ ചോദ്യങ്ങൾക്കും ഓപ്ഷൻ ഉള്ളതിനാൽ പ്രയാസമുള്ള ചോദ്യങ്ങൾ ഒഴിവാക്കി എളുപ്പമുള്ളവയ്ക്ക് ഉത്തരമെഴുതാനാകും.
അമേരിക്കൻ സ്വാതന്ത്ര്യസമരം, നാസിസത്തിന്റെ വളർച്ച, അന്തരീക്ഷ മർദ്ദവ്യതിയാനം, വിവിധ ഋതുക്കൾ എന്നിവയാണ് ആറ് മാർക്കിന്റെ ഉപന്യാസത്തിന് ചോദിച്ചത്. ഏതെങ്കിലും രണ്ടെണ്ണത്തിന് ഉത്തരമെഴുതിയാൽ മതിയായിരുന്നു.
ഭൂപടത്തിൽ സ്ഥലങ്ങൾ അടയാളപ്പെടുത്താനുള്ള ചോദ്യത്തിന് നഗരപ്രദേശങ്ങൾ, തലസ്ഥാനങ്ങൾ തുടങ്ങി സ്ഥിരം നൽകാറുള്ള മാതൃകയിൽ മാറ്റമുണ്ടായി. കാരക്കോറം റേഞ്ച്, നോർത്ത് വെസ്റ്റ് ഹിമാലയൻ റേഞ്ച് തുടങ്ങിയ പ്രദേശങ്ങൾ വ്യക്തമായി അടയാളപ്പെടുത്താൻ അതിസമർത്ഥർക്കേ കഴിയൂ എന്ന് അദ്ധ്യാപകർ പറയുന്നു.
കുട്ടികൾ സന്തോഷത്തോടെയാണ് പരീക്ഷാഹാൾ വിട്ടിറങ്ങിയത്. സ്ഥിരം പാറ്റേൺ വിട്ട് പാഠപുസ്തകത്തിൽ കേന്ദ്രീകരിക്കുന്ന ചോദ്യപേപ്പർ ആയിരുന്നു.
- എം.എൽ.ഷീജ, അദ്ധ്യാപിക,
ഗവ.വി.എച്ച്.എസ്.എസ്.
വട്ടിയൂർക്കാവ്, തിരുവനന്തപുരം