തിരുവനന്തപുരം: കൊറോണ ഭീതിക്കിടെ ആയിരക്കണക്കിനു പേർ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന സെക്രട്ടേറിയറ്റിൽ സുരക്ഷാ മുൻകരുതലുകളുമില്ലാതെ ജീവനക്കാർ. കന്റോൺമെന്റ് പൊലീസ് സ്റ്റേഷന് എതിർവശത്ത് സ്ഥിതിചെയ്യുന്ന പ്രധാന കെട്ടിടത്തിന്റെ കവാടത്തിൽ മാത്രമാണ് ഹാൻഡ് സാനിറ്റൈസറുകൾ ലഭ്യമാക്കിയിട്ടുള്ളത്. സന്ദർശകരെ സ്വീകരിക്കുന്ന വിസിറ്റേഴ്സ് ഫെസിലിറ്റേഷൻ സെന്ററുകളിലും (വി.എഫ്.സി)​ സെൻട്രൽ സ്റ്റേഡിയത്തിന് സമീപത്തെ അനക്‌സ് 1, 2 മന്ദിരങ്ങളിലും സാനിറ്റൈസറുകൾ ലഭ്യമാക്കാൻ അധികൃതർ നടപടിയെടുത്തിട്ടില്ല. പ്രധാന കെട്ടിടത്തിൽ രണ്ടും അനക്‌സ് 1,​ 2 എന്നിവിടങ്ങളിലായി ഓരോ വി.എഫ്.സികൾ വീതമാണുള്ളത്. സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളിലേക്ക് പോകേണ്ട ജനങ്ങൾക്ക് പാസ് നൽകുന്നത് ഇവിടെ നിന്നാണ്. നിലവിൽ സെക്രട്ടറിമാരുടെ ഓഫീസുകളിൽ മാത്രമാണ് ഹാൻഡ് സാനിറ്റൈസറുകൾ ലഭ്യമാക്കിയിട്ടുള്ളത്. സെക്രട്ടേറിയറ്റിലുള്ള 5000 ജീവനക്കാർ മാസ്‌കുകൾ ധരിക്കാതെയാണ് ജോലി ചെയ്യുന്നത്. മാസ്‌കുകൾ നൽകാത്തതിനെതിരെ പ്രതിപക്ഷ ജീവനക്കാരുടെ സംഘടനയായ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രതിഷേധിച്ചിരുന്നു. തുടർന്ന് ഇന്നലെ വൈകിട്ട് കുറച്ച് മാസ്‌കുകൾ വിതരണം ചെയ്‌തു. എന്നാൽ,​ സാനിറ്റൈസർ ഇപ്പോഴും ലഭ്യമല്ല. സെക്രട്ടേറിയറ്റിൽ പാർട്ട്ടൈം സ്വീപ്പർ,​ ഗാർഡനർ എന്നീ വിഭാഗങ്ങളിൽ ജോലി നോക്കുന്നവർക്ക് കൈകൾ ശുചിയാക്കുന്നതിന് സോപ്പ് മാത്രമാണ് നൽകിയിട്ടുള്ളത്.