തിരുവനന്തപുരം: സ്പെയിനിൽ നിന്ന് കൊറോണ ബാധയുമായി എത്തിയ ശ്രീചിത്രയിലെ ഡോക്‌ടർ രോഗികളെ പരിശോധിക്കുകയും, കാത്ത് ലാബിൽ ഉൾപ്പെടെ പ്രവേശിക്കുകയും ചെയ്തെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ, ആശുപത്രിയിൽ ഇയാൾ നേരിട്ട് സമ്പർക്കം പുലർത്തിയ 43 ഡോക്ടർമാർ ഉൾപ്പെടെ 76 ജീവനക്കാരെ നിരീക്ഷണത്തിലാക്കി. ഇതിൽ 26 ഡോക്ടർമാർ രോഗബാധയ്ക്ക് അധികസാദ്ധ്യതയുള്ള ഹൈറിസ്ക് വിഭാഗത്തിലാണ്.
നിരീക്ഷണത്തിൽ ഉള്ളവരിൽ 18 നഴ്സുമാരും 13 സാങ്കേതിക ജീവനക്കാരും രണ്ട് അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരും ഉൾപ്പെടുന്നു.
ഡോക്ടർമാരും ജീവനക്കാരും അവധിയിൽ പ്രവേശിച്ചു. മാർച്ച് രണ്ടിന് പുലർച്ചെ ദോഹയിൽ നിന്നുള്ള QR 506 വിമാനത്തിൽ ഡോക്‌ടർക്കൊപ്പം തിരുവനന്തപുരത്തേക്ക് യാത്രചെയ്ത 183 പേരെ ഇനി കണ്ടെത്താനുണ്ട്. ഇതിൽ 27 പേർ ഡോക്ടറുടെ അടുത്ത സീറ്റുകളിൽ ഇരുന്നവരാണ്. ഹൈ റിസ്ക് വിഭാഗത്തിൽപ്പെടുത്തിയ ഇവരെ കണ്ടെത്തിയെങ്കിലേ രോഗം കൂടുതൽ പേരിലേക്കു പടരുന്നത് തടയാനാകൂ. ഡോക്ടർ ചികിത്സിച്ച രോഗികളുടെ പട്ടിക തയ്യാറാക്കിവരുന്നതേയുള്ളൂ.
രോഗമുള്ളതായി സംശയമുണ്ടായിട്ടും വീട്ടിൽ നിരീക്ഷണത്തിൽ കഴിയാതെ ആശുപത്രിയിലെത്തിയ ഡോക്ടർ രോഗികളെ ചികിത്സിക്കുകയും, മറ്റു സ്ഥലങ്ങളിൽ യാത്ര ചെയ്യുകയും ചെയ്തതിനാൽ ആരുമായെല്ലാം ബന്ധപ്പെട്ടു, എവിടെയെല്ലാം പോയി തുടങ്ങിയ വിശദാംശങ്ങൾ കണ്ടെത്തി റൂട്ട് മാപ്പും ബന്ധപ്പെട്ടവരുടെ ലിസ്റ്റും തയ്യാറാക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്. നാട്ടിലെത്തിയ ശേഷം നാലു ദിവസം വീട്ടിൽ തുടർന്ന ഡോക്ടർ ഏഴിന് ഡ്യൂട്ടിക്കെത്തുകയായിരുന്നു. 11ന് രോഗം സ്ഥിരീകരിച്ചു. രോഗബാധിതനായ ഡോക്ടർ രോഗികളെ പരിശോധിച്ചത് വളരെ ഗൗരവമുള്ളതാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.