പാലോട്: ഇരു വൃക്കകളും തകരാറിലായ ആട്ടോ ഡ്രൈവർക്ക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി നാട് കൈകോർക്കുന്നു. പാപ്പനംകോട് സ്വദേശിയും പാലോട് ആട്ടോ സ്റ്റാൻഡിലെ ഡ്രൈവറുമായ സിദ്ദിഖിന്റെ ചികിത്സയ്ക്കാണ് നാട്ടുകാർ ഒരുമിച്ചത്. പറക്കമുറ്റാത്ത മക്കളടങ്ങിയ നിർദ്ധന കുടുംബത്തിന്റെ ആശ്രയമായിരുന്നു സിദ്ദിഖ് (29). വൃക്ക നൽകാൻ സമ്മതമറിയിച്ച് ഭാര്യ മുന്നോട്ടു വന്നെങ്കിലും ശസ്ത്രക്രിയയ്ക്ക് പത്ത് ലക്ഷത്തോളം രൂപ ചെലവു വരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ഈ സാഹചര്യത്തിൽ നാട്ടുകാർ പാലോട് എ.എ ആഡിറ്റോറിയത്തിൽ ഒത്തുചേർന്ന് ചികിത്സാ സഹായ സമിതിക്ക് രൂപം നൽകുകയായിരുന്നു. ആട്ടോ, ടാക്സി, ജീപ്പ് തൊഴിലാളികളും വ്യാപാരികളും സന്നദ്ധ, രാഷ്ട്രീയ പ്രവർത്തകരും പങ്കെടുത്തു. ചികിത്സാ സഹായ നിധിയിലേക്ക് ആദ്യസംഭാവന ബ്രദേഴ്സ് ഗ്രൂപ്പ് എം.ഡി അൻസാരിയിൽ നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഏറ്റുവാങ്ങി. ചികിത്സാനിധി ഏകോപിപ്പിക്കുന്നതിനായി എസ്.എ. റഷീദ് (ചെയർമാൻ), ഇ.ജോൺകുട്ടി (ജനറൽ സെക്രട്ടറി), എം.ഷിറാസ് ഖാൻ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. സിദ്ദിഖിന്റെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ചാല ബ്രാഞ്ചിൽ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. നമ്പർ : 5555053000072499 (IFSC - SIBL 0000089).ഫോൺ : 9495122399, 9846818909.