തിരുവനന്തപുരം: ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ വിമാനത്താവളത്തിൽ മെഡിക്കൽ സ്ക്രീനിംഗിന് വിധേയനായെന്ന് ഡി.ജി.പി ലോക് നാഥ് ബെഹ്റ. നിയമപ്രകാരം നൽകേണ്ട ഫോമുകൾ പൂരിപ്പിച്ച് നൽകി. ഡോക്ടർമാരുടെ അനുമതിയോടെയാണ് പുറത്തേക്ക് പോയത്.
ഫാൻബറോയിൽ ബ്രിട്ടീഷ് അന്താരാഷ്ട്ര വ്യാപാര മന്ത്രാലയം സംഘടിപ്പിച്ച 'ഹോം ഓഫീസ് സെക്യൂരിറ്രി ആൻഡ് പൊലീസിംഗ്- 2020' എന്ന പ്രദർശനത്തിൽ പങ്കെടുക്കാനാണ് പോയത്. മാർച്ച് മൂന്നു മുതൽ അഞ്ചുവരെയായിരുന്നു ബ്രിട്ടൺ യാത്ര.
മടങ്ങിയെത്തിയശേഷം പൊലീസിന്റെ പരിപാടികളിൽ സജീവമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച അവലോകന യോഗത്തിൽ മന്ത്രി കെ.കെ ശൈലജ, ചീഫ് സെക്രട്ടറി ടോം ജോസ്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം പങ്കെടുത്തതാണ് വിവാദമായത്. ലണ്ടനിൽ നിന്ന് എത്തുന്നവർ 28 ദിവസം വീട്ടിൽ കഴിയണമെന്നും രോഗം പകരാനുള്ള സാഹചര്യം കുറഞ്ഞവരാണെങ്കിൽപോലും 14 ദിവസം വീടുകളിൽ സമ്പർക്കമില്ലാതെ കഴിയണമെന്നുമാണ് സർക്കാരിന്റെ കർശന നിർദ്ദേശം.