മസ്കറ്റ് : ഒരു അന്താരാഷ്ട്ര കിരീടത്തിനായുള്ള ഇന്ത്യൻ ടേബിൾ ടെന്നിസ് താരം അചാന്ത ശരത് കമാലിന്റെ പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമം. കഴിഞ്ഞദിവസം നടന്ന ഒമാൻ ഒാപ്പൺ ഐ.ടി.ടി.എഫ് ചലഞ്ചർ പ്ളസ് ടൂർണമെന്റിൽ ശരത് കമാൽ കിരീടം നേടി. ഫൈനലിൽ ടോപ്പ് സീഡായ പോർച്ചുഗലിന്റെ മാർക്കോസ് ഫ്രെയ്‌റ്റാസിനെ 6-11, 11-8, 12-10, 11-9, 3-11, 17-15 എന്ന സ്കോറിന് തോൽപ്പിച്ചാണ് 37 കാരനായ ഇന്ത്യൻ താരം കിരീടമണിഞ്ഞത്.
2010 ലാണ് ഇതിന് മുമ്പ് ശരത് കമാൽ ഒരു അന്താരാഷ്ട്ര കിരീടം നേടിയിരുന്നത്. 2010 ലെ ഇൗജിപ്ഷ്യൻ ഒാപ്പൺ നേടിയ ശേഷം 2011 ലെ മൊറോക്കോ ഒാപ്പണിലും 2017 ലെ ഇന്ത്യ ഒാപ്പണിലും സെമിയിലെത്തിയതായിരുന്നു വലിയ നേട്ടം.
ആൾ ഇംഗ്ളണ്ട് ബാഡ്മിന്റൺ
വിക്ടറും തായ്‌യും
ജേതാക്കൾ
ബർമ്മിംഗ് ഹാം : ആൾ ഇംഗ്ളണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പുരുഷ സിംഗിൾസ് ജേതാവായി ഡെൻമാർക്കിന്റെ വിക്ടർ അക്‌സൽസെൻ ഫൈനലിൽ തായ്‌വാന്റെ ചൗ ടിയെൻ ചെന്നിന്നെ 21-13, 21-14ന് തോൽപ്പിച്ച് വിക്ടർ നേടിയത് തന്റെ കരിയറിലെ ആദ്യ സൂപ്പർ1000 കിരീടമാണ്.
വനിതാവിഭാഗത്തിൽ ലോക ഒന്നാം നമ്പർ ചൈനീസ് താരം ചെൻ യുഫേയിയെ അട്ടിമറിച്ച് തായ്‌വാന്റെ തായ്-സു-ഇംഗ് കിരീടം നേടി. 21-19, 21-15 എന്ന സ്കോറിനായിരുന്നു തായ്‌വയുടെ കിരീട വിജയം. ഇത് മൂന്നാം തവണയാണ് തായ് ആൾ ഇംഗ്ളണ്ട് ജേത്രിയാകുന്നത്. കഴിഞ്ഞവർഷം ഫൈനലിൽ തന്നെ കീഴടക്കിയിരുന്ന ചെന്നിനോടുള്ള പകരംവീട്ടൽ കൂടിയായി ഇൗ വിജയം.
നോവി കപാഡിയയ്ക്ക്
സഹായമെത്തിച്ച് മന്ത്രി
ന്യൂഡൽഹി : അപൂർവരോഗത്തിന്റെ പിടിയിലായ പ്രമുഖ ഫുട്ബാൾ വിശകലന വിദഗ്ദ്ധനും കമന്റേറ്ററുമായ നോവി കപാഡിയയ്ക്ക് അടിയന്തര സഹായമായി നാലുലക്ഷം രൂപ അനുവദിച്ച് കേന്ദ്ര കായികമന്ത്രി കിരൺ റിജിജു. ഡൽഹി യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകനായിരുന്ന കപാഡിയയുടെ പെൻഷൻ സാങ്കേതിക കാരണങ്ങളാൽ തടഞ്ഞുവച്ചതിനെ തുടർന്ന് ചികിത്സയ്ക്ക് വഴിയില്ലാതെ അദ്ദേഹം ബുദ്ധിമുട്ടിലായ വാർത്തയായതോടെയാണ് മന്ത്രി ഇടപെട്ടത്. പെൻഷൻ ശരിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.