census
census

തിരുവനന്തപുരം: ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആർ) പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ സ്റ്റേ ചെയ്ത സാഹചര്യത്തിൽ സെൻസസ് നടപടികളുമായി മുന്നോട്ടുപോകാൻ സർവ്വകക്ഷിയോഗത്തിൽ സമവായമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ, എൻ.പി.ആറിന്റെ കാര്യത്തിൽ കേന്ദ്രത്തിൽ നിന്ന് വ്യക്തമായ വിശദീകരണം ലഭിക്കാതെ സെൻസസ് നടപടികളുമായി മുന്നോട്ട് പോകുന്നതിൽ യോഗത്തിൽ പ്രതിഷേധമറിയിച്ചതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സെൻസസ് പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും ഇക്കാര്യത്തിൽ ഒരാശങ്കയും വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദേശീയ ജനസംഖ്യാ രജിസ്റ്ററിൽ നിന്നാണ് ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് പോകുന്നത്. സെൻസസ് വിവരങ്ങൾ രാജ്യത്തിന്റെ വളർച്ചയ്ക്കും ആസൂത്രണത്തിനും വിലപ്പെട്ടതാണ്. വീടുകളുടെ പട്ടിക തയാറാക്കലും വീടുകൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കലുമാണ് മേയ് ഒന്ന് മുതൽ 30വരെ നടത്തുക. ജനസംഖ്യാ കണക്കെടുപ്പ് അടുത്ത വർഷം ഫെബ്രുവരി 9 മുതൽ 28വരെയാണ്. സെൻസസിന്റെ ചോദ്യാവലിയിൽ 31 ചോദ്യങ്ങളാണ്. 2011ലെ സെൻസസിലെ ചോദ്യങ്ങളുമായി ഇതിന് കാര്യമായ വ്യത്യാസമില്ല. കേന്ദ്രസർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ 31 ചോദ്യങ്ങളേ ചോദിക്കൂ. സെൻസസുമായി എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

എന്നാൽ ,കേന്ദ്രത്തിന്റെ സെൻസസ് വിജ്ഞാപനത്തിൽ ചതിക്കുഴികളുണ്ടെന്ന് യോഗത്തിൽ യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. ജനസംഖ്യ രജിസ്റ്ററിന്റെ കാര്യത്തിൽ കേന്ദ്രത്തിൽ നിന്ന് വ്യക്തമായ വിശദീകരണം വാങ്ങിയിട്ടേ സെൻസസ് നടപടികൾ ആരംഭിക്കാവൂ എന്നും അല്ലെങ്കിൽ ആപത്തായിരിക്കുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. എൻ.പി.ആർ പ്രവർത്തനങ്ങൾ നിറുത്തിവച്ചുള്ള സംസ്ഥാനസർക്കാരിന്റെ ഉത്തരവ് അയച്ചുകൊടുത്തിട്ടും കേന്ദ്രത്തിൽ നിന്ന് സഹകരിക്കണമെന്ന മറുപടിയാണ് വന്നിട്ടുള്ളത്. . മറിച്ചൊരു തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര സെൻസസ് ഡയറക്ടറും പറഞ്ഞു. അതിനർത്ഥം സെൻസസും എൻ.പി.ആറും ഒരുമിച്ച് കൊണ്ടുപോകുമെന്നാണ്. ഫലത്തിൽ സെൻസസ് നടപടി എൻ.പി.ആറിലേക്കുള്ള വഴിയാവുമെന്ന മുസ്ലിം സംഘടനകളുടെ വികാരത്തെ യു.ഡി.എഫ് പിന്തുണയ്ക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.

ജനസംഖ്യാ രജിസ്റ്ററും സെൻസസും കേരളത്തിൽ നടപ്പാക്കുമെന്ന് തന്നെയാണ് മനസ്സിലാക്കാനാവുന്നതെന്നും, ജനസംഖ്യാ രജിസ്റ്റർ ഒഴിവാക്കാൻ കേന്ദ്രം അനുവദിക്കില്ലെന്നും യോഗത്തിൽ ബി.ജെ.പിയെ പ്രതിനിധീകരിച്ച സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ പറഞ്ഞു.