തിരുവനന്തപുരം: കൊറോണയുമായി ബന്ധപ്പെട്ട് ഇന്നലെ ജില്ലയിൽ പുതുതായി 192 പേർ നിരീക്ഷണത്തിലായി.ജില്ലയിൽ 231 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്.ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിൽ ഇന്നലെ 24 പേരും മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ 19 പേരും പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ 4 പേരും നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ 7 പേരും നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ 8 പേരും കിംസ് ആശുപത്രിയിൽ രണ്ട് പേരും നിരീക്ഷണത്തിലുണ്ട്.
പരിശോധനയ്ക്കായി ഇതുവരെ അയച്ച 433 സാമ്പിളുകളിൽ 215 പരിശോധനാഫലം ലഭിച്ചു.4 സാമ്പിളുകൾ പോസിറ്റീവാണ്. 218 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.പോസിറ്റീവായ ആളുകൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്.അവരുടെ ആരോഗ്യനില തൃപ്തികരമാണ്.അവരിൽ മൂന്ന് പേരുമായി അടുത്തിടപഴകിയ ആൾക്കാരെ കണ്ടെത്തുകയും അവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി എടുക്കുകയും അവരെ നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്നലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 1772 യാത്രക്കാരെയും സ്‌ക്രീനിംഗിന് വിധേയരാക്കി. രോഗലക്ഷണങ്ങളുണ്ടായിരുന്ന 18 പേരെ റഫർ ചെയ്തു.ഡൊമസ്റ്റിക് എയർപോർട്ടിൽ എത്തിയ 36 യാത്രക്കാരെ സ്‌ക്രീൻ ചെയ്തു.
കളക്ടറേറ്റ് കൺട്രോൾ റൂമിൽ 283 കാളുകളും ദിശ കാൾ സെന്ററിൽ 161 കാളുകളുമാണ് ഇന്നലെ എത്തിയത്. മാനസികപിന്തുണ ആവശ്യമായ 66 പേരെ ഇന്നലെ വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.മാനസിക പിന്തുണ ആവശ്യമുണ്ടായിരുന്ന 5 പേർ ഇന്നലെ മെന്റൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. ഇതുവരെ 776 പേരെ മാനസിക പിന്തുണ ഉറപ്പിക്കുവാനായി വിളിച്ചിട്ടുണ്ട്.

നിരീക്ഷണത്തിലായവർ - 1340

വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ - 598

ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളിവർ - 63

ഇന്നലെ നിരീക്ഷണത്തിലായവർ - 192