corona-

തിരുവനന്തപുരം: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ജനങ്ങളിലുണ്ടായ അനാവശ്യമായ ആശങ്ക അകറ്റാൻ ഒരുമിച്ചു നിൽക്കണമെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത സർവ്വകക്ഷിയോഗം നിർദ്ദേശിച്ചു. രോഗവ്യാപനം തടയാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് യോഗം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് പുറമേ ജനങ്ങൾ സ്വമേധയാ കല്പിച്ച നിയന്ത്രണങ്ങൾ കാരണം വ്യാപാരമേഖല നിശ്ചലമായതടക്കം ഉളവായ സാമൂഹ്യപ്രശ്നങ്ങൾ യോഗം വിലയിരുത്തി. രോഗപ്രതിരോധത്തിന്റെ കാര്യത്തിൽ ജാഗ്രത വേണമെങ്കിലും അത് സാമൂഹ്യജീവിതം അപ്പാടെ സ്തംഭിക്കുന്ന തരത്തിലാവരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

സാമൂഹ്യജീവിതം സ്തംഭിച്ച അവസ്ഥയിലായിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയത് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ്. റോഡിൽ ആളില്ലാത്ത സ്ഥിതിയാണ്. കെ.എസ്.ആർ.ടി.സി മാത്രം കോടികളുടെ നഷ്ടമാണ് നേരിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വീഴ്ചകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം

അതേസമയം, ജാഗ്രതക്കുറവ് പലയിടത്തും ഉണ്ടായെന്നും സർക്കാർവകുപ്പുകളുടെ ഏകോപനമില്ലായ്മ വലിയ പ്രശ്നമാണെന്നും യു.ഡി.എഫ് കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് ആരും റോഡിലിറങ്ങരുതെന്നും കച്ചവടകേന്ദ്രങ്ങൾ അടയ്ക്കണമെന്നും കളക്ടർ പറഞ്ഞപ്പോൾ മുഖ്യമന്ത്രി തിരുത്തി. മൂന്നാറിലും വെള്ളനാടും പുനലൂർ അപകടത്തിലും ശ്രീചിത്രയിലെ ഡോക്ടറുടെ കാര്യത്തിലും വീഴ്ചകളും പിഴവുകളും ദൃശ്യമാണ്.

മാസ്ക്, സാനിറ്റൈസർ ക്ഷാമവും രൂക്ഷം. താനും പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീറും ചേർന്നാരംഭിച്ച ഹാൻഡ് വാഷ് ചലഞ്ച് കേരളത്തിലെ എല്ലാ യു.ഡി.എഫ് പ്രവർത്തകരും ഏറ്റെടുത്ത് മുന്നോട്ട് പോവുകയാണ്. കൊറോണ വ്യാപനം മൂലം പ്രതിസന്ധി നേരിടുന്ന ടൂറിസം മേഖലയിലുള്ളവർ എടുത്ത വായ്പകൾക്കും പലിശകൾക്കും മോറട്ടോറിയം പ്രഖ്യാപിക്കണമെന്നും കാർഷികവായ്പാ മോറട്ടോറിയം നീട്ടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

പ്രതിപക്ഷനേതാവിന് പുറമേ, മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.കെ. ശൈലജ, ആനത്തലവട്ടം ആനന്ദൻ, തമ്പാനൂർ രവി, ജോർജ്ജ് കുര്യൻ, ഡോ. എം.കെ. മുനീർ, പി.ജെ. ജോസഫ്, സി.കെ. നാണു, മാത്യു ടി തോമസ്, എ.എ. അസീസ്, അനൂപ് ജേക്കബ്, പി.സി. ജോർജ്ജ്, കെ.ബി. ഗണേശ് കുമാർ, വി. സുരേന്ദ്രൻ പിള്ള, ചീഫ് സെക്രട്ടറി ടോം ജോസ്‌ തുടങ്ങിയവർ യോഗത്തിനെത്തി.