തിരുവനന്തപുരം : 'സർക്കാർ സർവീസിൽ ക്ളാസ് ടു ജീവനക്കാർക്ക് തുല്യമാണ് ഞങ്ങളുടെ ജോലിയെന്നാണ് വയ്പ്പ്. പക്ഷേ രണ്ടാം തരം സർക്കാർ ജീവനക്കാരായാണ് ഞങ്ങളെ പരിഗണിക്കുന്നത്. മറ്റ് സർക്കാർ ജീവനക്കാർക്കൊക്കെ മാസം ഒന്നാംതീയതി ശമ്പളം കൃത്യമായി അക്കൗണ്ടിലെത്തുമ്പോൾ 20-ാം തീയതിവരെ സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും കാലുപിടിക്കേണ്ട ഗതികേടാണ് ഞങ്ങൾക്ക്,"- സംസ്ഥാന സ്പോർട്സ് കൗൺസിലിലെ ഒരു മുതിർന്ന പരിശീലകന്റെ പരിദേവനമാണിത്.
ഇന്ന് മാർച്ച് 17. ഇതുവരെ കൗൺസിൽ ജീവനക്കാർക്ക് കഴിഞ്ഞമാസത്തെ ശമ്പളം നൽകാൻ ഭരണതലപ്പത്ത് ഇരിക്കുന്നവർക്ക് കഴിഞ്ഞിട്ടില്ല. ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനമായ കൗൺസിലിലെ ജീവനക്കാർക്ക് സർക്കാരിൽനിന്ന് നോൺ പ്ളാൻ ഫണ്ടായാണ് ശമ്പളം ലഭിക്കേണ്ടത്. കടലാസുകൾ കൃത്യസമയത്ത് കായിക വകുപ്പിൽ എത്തിക്കുകയും നോൺ പ്ളാൻ ഫണ്ട് പാസാക്കി എടുക്കുകയും ചെയ്യേണ്ടത് സെക്രട്ടറിയുടെ ചുമതലയാണ്. ഇതിന് ആവശ്യമായ രാഷ്ട്രീയ സമ്മർദ്ദം ഉൾപ്പെടെ ചെലുത്തേണ്ടത് പ്രസിഡന്റിന്റെ ചുമതലയും. എന്നാൽ പത്തുമാസത്തിലേറെയായി ഒന്നാംതീയതി കൗൺസിൽ ജീവനക്കാർ ശമ്പളം വാങ്ങിയിട്ട്.
ഭരണസമിതി മാറി,
ശമ്പളം കിട്ടാക്കനി
മുൻ കായിക താരത്തെ പ്രസിഡന്റാക്കി പുതിയ ഭരണസമിതി വന്നതിന് ശേഷമാണ് ശമ്പളക്കാര്യത്തിൽ ഇത്ര അലംഭാവമെന്ന് ജീവനക്കാർ പറയുന്നു. നോൺപ്ളാൻ ഫണ്ടിൽ മാത്രമല്ല പ്ളാൻ ഫണ്ടിലും കൃത്യതയോടെ വിനിയോഗം നടത്താൻ കൗൺസിലിന് കഴിയുന്നില്ല. കഴിഞ്ഞവർഷം പ്ളാൻ ഫണ്ടായി അനുവദിച്ച തുക പൂർണമായി വിനിയോഗിക്കാത്തതിനാൽ ഇത്തവണ വിഹിതം വെട്ടിക്കുറച്ചിരുന്നു. ശമ്പളമെങ്കിലും കൃത്യസമയത്ത് നൽകണമെന്ന് പലകുറി ജീവനക്കാർ ആവശ്യപ്പെട്ടെങ്കിലും ഉദാസീനമായിരുന്നു സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും മറുപടികൾ.
അതേസമയം കായിക വകുപ്പിൽ നിന്ന് അനുവദിക്കുന്ന തുക ഉപയോഗിച്ച് ഒളിമ്പിക്സ് ഉൾപ്പെടെയുള്ള ലോക കായിക മേളകൾ കാണാൻ പോകുവാൻ കൗൺസിൽ സെക്രട്ടറിക്ക് യാതൊരു തടസവുമില്ലെന്നും ജീവനക്കാർ ആരോപിക്കുന്നു. 2018 ൽ ജക്കാർത്തയിൽ ഏഷ്യൻ ഗെയിംസ് നടക്കുമ്പോൾ കേരളം പ്രളയത്തിന്റെ പിടിയിലായിരുന്നു. അതവഗണിച്ച് ഏഷ്യൻ ഗെയിംസിന് പോകാനൊരുങ്ങിയ സെക്രട്ടറിയുടെ യാത്ര മന്ത്രി ഇടപെട്ടാണ് തടഞ്ഞത്.
ഹോസ്റ്റലുകൾക്കും
പണമില്ല
കൗൺസിലിന്റെ കീഴിലുള്ള സ്പോർട്സ് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണത്തിനും മറ്റുമുള്ള പണം വിതരണം ചെയ്തിട്ട് നാലുമാസത്തിലേറെയായി. പ്ളാൻ ഫണ്ടിൽ നിന്നാണ് ഇൗ തുക നൽകേണ്ടത്. സ്വകാര്യ സ്കൂൾ കോളേജ് മാനേജ്മെന്റുകൾക്ക് കീഴിലുള്ള ഹോസ്റ്റലുകളിൽ അവർ കൈയിൽനിന്ന് പണം ചെലവാക്കിയാണ് കുട്ടികൾക്ക് ഭക്ഷണം നൽകുന്നത്. കൗൺസിലിന്റെ നേരിട്ടുള്ള നിയന്ത്രണമുള്ളയിടങ്ങളിൽ ഉത്തരവാദിത്വപ്പെട്ട പരിശീലകർ പണമെടുത്ത് ഭക്ഷണം നൽകുന്നു.
ഇത് മറ്റൊരു തട്ടിപ്പിന് കൂടി വഴി തുറക്കുകയാണെന്ന് ആരോപണമുണ്ട്. ശാസ്ത്രീയമായി നിശ്ചയിച്ചിരിക്കുന്ന മെനു പ്രകാരമുള്ള ഭക്ഷണം കുട്ടികൾക്ക് കിട്ടാറില്ല. ചോദിച്ചാൽ കൗൺസിലിൽ നിന്ന് പണം കിട്ടാറില്ല. സ്വന്തം കാശിൽനിന്ന് നൽകുന്നതാണെന്ന് മറുപടി. എന്നാൽ കൗൺസിലിൽ നിന്ന് എപ്പോഴെങ്കിലും പണം വരുമ്പോൾ അത് മെനുപ്രകാരമുള്ള ഭക്ഷണത്തിന്റേതായിരിക്കും. അല്പം കാശ് നിക്ഷേപിച്ചാൽ വലിയ ലാഭം കൊയ്യുന്ന പരിപാടി.
കായിക അസോസിയേഷനുകൾക്ക് ദേശീയ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ സമയത്ത് ഗ്രാന്റ് നൽകുന്ന പതിവില്ലാത്തിനാൽ അവിടേയും ഇതേ തട്ടിപ്പിന് വേദിയൊരുങ്ങുന്നു.
ഒരുപക്ഷം മാത്രം,
പ്രതികരിക്കാനാവില്ല
മുമ്പ് കൗൺസിലിൽ ഭരണ പ്രതിപക്ഷ യൂണിയനുകളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഭരണപക്ഷ സംഘടനകൾ മാത്രമാണുള്ളത്. ഇതിനാൽ ശമ്പളം കിട്ടിയില്ലെങ്കിലും പരസ്യമായി പ്രതികരിക്കാൻ കഴിയാത്തവരായി ജീവനക്കാർ മാറിയിരിക്കുന്നു.
മന്ത്രി ഇടപെടണം
സ്പോർട്സ് കൗൺസിലിലെ പ്രതിസന്ധി പരിഹരിക്കാൻ കായികമന്ത്രി അടിയന്തരമായി ഇടപെടണം. ജീവനക്കാർക്ക് ശമ്പളമില്ല. ഹോസ്റ്റലിലെ കുട്ടികൾക്ക് നല്ല ആഹാരവുമില്ല. പിന്നെ എങ്ങനെയാണ് കായിക രംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുന്നത്. കൗൺസിലിന്റെ ഭരണം ക്രിയാത്മകമാകണം.
എസ്. നജുമുദ്ദീൻ
ജനറൽ സെക്രട്ടറി
കായികവേദി
കെ.പി.സി.സി.