പോത്തൻകോട്: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ശാന്തിഗിരി ആശ്രമത്തിൽ ഇന്നലെ നടന്ന മൂന്ന് വിവാഹ ചടങ്ങുകളിൽ വധുവരന്മാരുടെ ബന്ധുക്കൾ ഉൾപ്പെടെ പങ്കെടുത്തത് 50 പേർ മാത്രം. കൊറോണ വ്യാപന മുൻകരുതലുകൾ കർശനമായി പാലിക്കണമെന്ന സർക്കാർ നിർദ്ദേശങ്ങൾ അക്ഷരം പ്രതി പാലിക്കണമെന്ന ആശ്രമ അധികൃതരുടെ നിർദ്ദേശം ബന്ധുക്കൾ കൃത്യമായി പാലിച്ചതിനാലാണ് അയ്യായിരത്തിലധികം പേർ പങ്കെടുക്കേണ്ടിയിരുന്ന വിവാഹ ചടങ്ങുകൾ വളരെ ലളിതമായി നടന്നത്.
ഒാരോ വിവാഹസംഘത്തിലും വധുവിനേയും വരനെയും കൂടാതെ ബന്ധുക്കളായി 15 പേർ വീതം മാത്രമാണ് ചടങ്ങിനുണ്ടായിരുന്നത്. സർക്കാർ നിഷ്കർഷിച്ചിട്ടുള്ള ശുചിത്വപരമായ എല്ലാ നിബന്ധനകളും പാലിച്ചു എന്നുറപ്പാക്കിയശേഷമാണ് വധുവരന്മാരെയും ബന്ധുക്കളെയും ആശ്രമത്തിനുള്ളിൽ കടത്തിവിട്ടത്.
മുഹൂർത്തസമയത്ത് ഓരോ വിവാഹ സംഘത്തെയായി വിവാഹവേദിയായ സഹകരണ മന്ദിരത്തിലേക്ക് ക്ഷണിച്ച് വളരെക്കുറച്ച് സമയംകൊണ്ട് ലളിതമായചടങ്ങുകളോടെ താലികെട്ട് ചടങ്ങ് പൂർത്തിയാക്കി. ഒരു സംഘം ആശ്രമകവാടം വിട്ടതിന് ശേഷമാണ് അടുത്തസംഘത്തെ ഹാളിലേക്ക് ക്ഷണിച്ചത്. കണ്ണൂർ തലശ്ശേരി സ്വദേശി കെ.പി.ജനകൃപനും മലപ്പുറം കോട്ടക്കൽ സ്വദേശിനി സി.അനുരൂപയും,കന്യാകുമാരി സ്വദേശികളായ എ.ഡെന്നീസും എസ്.ആർ.കൃഷ്ണപ്രഭയും, കോന്നി സ്വദേശി ആർ.രതീഷും ആലപ്പുഴ സ്വദേശിനി എസ്.സുധയും ആണ് ശാന്തിഗിരി ആശ്രമത്തിൽ ഇന്നലെ വിവാഹിതരായത്.